
കോഴിക്കോട് : ഹോട്ടൽ-കാറ്ററിങ് മേഖലയുടെ നട്ടെല്ലൊടിക്കുന്ന പാചകവാതക വിലവർധനയ്ക്കെതിരേ നഗരത്തിൽ പ്രതിഷേധാഗ്നിയുമായി ഓൾ കേരള കാറ്റേറഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ.) ജില്ലാ കമ്മിറ്റി. വെള്ളിയാഴ്ച കിഡ്‌സൺ കോർണറിൽ കത്തിച്ചുപിടിച്ച ചൂട്ടുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ഗ്യാസ് വിലവർധനയും വാണിജ്യ പാചകവാതകലഭ്യതാ പ്രതിസന്ധിയും മൂലം കാറ്ററിങ് മേഖല അതിഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കാറ്ററിങ് യൂണിറ്റുകളെല്ലാം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
സമരം എ.കെ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബിച്ചു കൈരളി അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതി അംഗങ്ങളായ കെ. ബേബി, ഷാഹുൽ ഹമീദ്, പ്രേംചന്ദ്, ഹിഫ്‌സു റഹ്‌മാൻ, മേഖലാ പ്രസിഡന്റുമാരായ ആരിഫ് അരീക്കാട്, കെ.എൻ.ആർ. അയൂബ്, റാഷിദ് മുത്താമ്പി, ജെസ്റ്റിൻ മാവറ, രതീഷൻ, ജനറൽ സെക്രട്ടറി റമീസ് അലി, ജില്ലാ വർക്കിങ് പ്രസിഡന്റ് കെ. സ്വരൂപ് എന്നിവർ പ്രസംഗിച്ചു.





