
കോഴിക്കോട് : വടകര ഒഞ്ചിയത്തും ചോറോടിലും മാത്രമല്ല എൽഡിഎഫും ജനകീയമുന്നണിയും ഏറ്റുമുട്ടുന്ന അഴിയൂരിലും ഏറാമലയിലും അപര പരീക്ഷണത്തിൽ ഭാഗ്യം തേടി മുന്നണികൾ. സിപിഎമ്മിനെതിരേ ആർഎംപി മത്സരിക്കാൻ തുടങ്ങിയശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും അപരൻമാരുടെ വിളയാട്ടമാണ് ഒഞ്ചിയം മേഖലയിൽ. ഈ പരീക്ഷണം ചില തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു.
ഇത്തവണ അഴിയൂർ പഞ്ചായത്തിലെ 10 വാർഡുകളിൽ പതിന്നാലും ഏറാമലയിലെ ഒൻപത് വാർഡുകളിൽ പത്തും അപരരുണ്ട്. രണ്ടിടത്തും കൂടി 24 അപരന്മാർ. ഏറാമലയിലെ ഒന്നാം വാർഡിൽ സിപിഎം സ്ഥാനാർഥി അനിത കേളോത്തിനെതിരേ അതേ പേരിൽ രണ്ടുപേരുണ്ട്, അനിത കെ.യും അനിത മണിക്കോത്തും. മൂന്ന് പേരും അടുത്തടുത്താണ്. രണ്ടാംവാർഡിൽ ആർഎംപിയുടെ എ.കെ. ബാബുവിനെതിരേ മറ്റൊരു ബാബുവുണ്ട്. മൂന്നാം വാർഡിൽ ആർജെഡിയുടെ റാഫി വാഴയിലിനെതിരേ റാഫി കുനിയിലുണ്ട്. ഏഴാം വാർഡിൽ ആർജെഡി നേതാവ് വി.കെ. സന്തോഷ് കുമാറിന് വി.കെ. സന്തോഷ് എന്ന പേരിലാണ് അപരൻ.
നാലാം വാർഡിലെ ആർജെഡി സ്ഥാനാർഥി രമ്യ കണ്ടിയിലിനെതിരേ രമ്യ കിഴക്കയിൽ, അഞ്ചാം വാർഡിലെ ആർഎംപി സ്ഥാനാർഥി പ്രമോദ് ടി.കെ.ക്കെതിരേ പി.ടി. പ്രമോദ്, 18-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി സരിത കക്കാടംപൊയിലിനെതിരേ സരിത കുളങ്ങര വീട്ടിൽ എന്നിങ്ങനെ നീളുന്നു അപര പട്ടിക. 14, 19 വാർഡിലെ ആർഎംപിഐ സ്ഥാനാർഥികൾക്കും അപരരുണ്ട്.
അഴിയൂരിലെ ഒന്നാം വാർഡിൽ ലീഗ് സ്ഥാനാർഥി സാജിദ്, എസ്ഡിപിഐ സ്ഥാനാർഥി സാലിം എന്നിവർക്ക് അപരരുണ്ട്. 19-ാം വാർഡിലെ ഇടതുസ്വതന്ത്രൻ എസ്.പി. റഫീഖിനെതിരേ രണ്ട് റഫീക്കുമാരുണ്ട്. ഇവിടത്തെ ലീഗ് സ്ഥാനാർഥിക്കെതിരേയുമുണ്ട് അപരൻ. കോൺഗ്രസ് (വാർഡ് മൂന്ന്, നാല്, ആറ്), ആർഎംപിഐ (ഏഴ്), മുസ്‌ലിംലീഗ് (എട്ട്, 20) ബിജെപി (15), ആർജെഡി (16) എന്നീ പാർട്ടിസ്ഥാനാർഥികൾക്കും അപരരുണ്ട്.





