Kozhikode

കുറുന്താർ പാടശേഖരകർഷകർ കൃഷിയിൽനിന്ന് പിന്മാറുന്നു

Please complete the required fields.




നന്മണ്ട : കുറുന്താർ പാടശേഖരം കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി മാറിയതോടെ കൃഷിയിൽനിന്ന് പിന്മാറാനൊരുങ്ങി കർഷകർ. 48 ഏക്കറിലാണ് ഇവിടെ കൃഷിനടക്കുന്നത്. കഴിഞ്ഞദിവസം പന്നിക്കൂട്ടങ്ങൾ മകരക്കൊയ്ത്തിന് പാകമായ നെല്ലിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കർഷകരുടെ ഇടനെഞ്ച്‌ പൊട്ടുംവിധമായിരുന്നു.വായനോത്തുതാഴം വയലിലെ 60 സെന്റ് സ്ഥലത്ത് ഞാറുനട്ട മോഹനൻ വെളുത്തേടത്തിന്റെ നെൽക്കൃഷി പൂർണമായും നശിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നട്ടതിനാൽ കൂടുതൽ കരുത്തും ഉയരവുമുള്ള നെൽക്കൃഷിയായിരുന്നു. കൂടാതെ, രാജീവൻ കൊളത്തൂർ, ശശി മഠത്തിൽ, സുജനൻ, മുഹസിൻ എന്നിവരുടെ നെൽക്കൃഷിയും പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു.

ജനുവരി 15-ന് വിളവെടുപ്പും മകരക്കൊയ്ത്ത് ഉത്സവവും നടത്താനിരിക്കെയാണ് മകരക്കൊയ്ത്ത് കർഷകർക്ക് കണ്ണീർക്കൊയ്ത്തായി മാറിയത്. പന്നികൾ ശരീരത്തിലുള്ള ചെള്ളുകളെ ഒഴിവാക്കാനാണ് നെൽപ്പാടങ്ങളെ ആശ്രയിക്കുന്നതെന്ന് മുതിർന്ന കർഷകർ പറയുന്നു. നെല്ലിൽക്കിടന്ന് ഉരുളുന്നതോടെ ചെള്ളുകൾ ഒഴിവാകുമെന്നും അവർ പറയുന്നു. കാലവർഷക്കെടുതിയിൽ വിള ഇൻഷുറൻസ് കിട്ടുമെങ്കിലും കൃഷിയിടങ്ങളിലെ വന്യമൃഗശല്യത്തിന് ഇൻഷുറൻസില്ല എന്നതാണ് കർഷകരുടെ വേവലാതി.

മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ സാധാരണ പുഞ്ചക്കൃഷിയാണ് ഇറക്കുക. ഈ അവസ്ഥയിൽ എങ്ങനെ പുഞ്ചക്കൃഷി ഇറക്കാനാവുമെന്നും കർഷകർ ചോദിക്കുന്നു. കാട്ടുപന്നികൾ നശിപ്പിച്ച നെൽപ്പാടം കൃഷിഓഫീസിലെ ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു.

Related Articles

Back to top button