Kozhikode

കണ്ടിവാതുക്കലിൽ കാർ താഴ്ചയിലേക്കുമറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




വളയം : ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കുമറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്. ഒരാൾക്ക് സാരമായി പരിക്കേറ്റു. മൊകേരി സ്വദേശി ബാബു (61), കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണൻ (72) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് കല്ലാച്ചിയിൽ കമ്പിക്കച്ചവടം നടത്തുന്ന ബാബുവടക്കം നാലുപേർ കാറിൽ കണ്ടിവാതുക്കൽ മലയോരത്തെ കാഴ്ചകാണാൻ കല്ലാച്ചിയിൽനിന്ന്‌ പുറപ്പെട്ടതാണ്.

കണ്ടിവാതുക്കലിനടുത്ത് പാനേലക്കാവ് എന്ന സ്ഥലത്തെ കുത്തനെയുള്ള കയറ്റംകയറുന്നതിനിടെ കാറിന്റെ വലിമുട്ടുകയായിരുന്നു. ഇതിനിടെ കാറിൽ പിന്നിലുണ്ടായിരുന്ന യാത്രക്കാരൻ ഇറങ്ങി കരിങ്കല്ലുവെച്ചെങ്കിലും കാറ് പിന്നോട്ടുവന്ന് 30 മീറ്ററോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

ഇതിനിടെ, മുൻഭാഗത്തുണ്ടായിരുന്ന ബാബുവിന്റെ സൈഡിലെ ഡോർ തുറന്ന് ബാബു തെറിച്ചുപോവുകയാണുണ്ടായതെന്ന് കൂടെയുള്ളവർ പറഞ്ഞു. ബാബുവിന് സാരമായി പരിക്കേറ്റു. കുഞ്ഞിക്കണ്ണന് നിസ്സാരപരിക്കാണ് പറ്റിയത്. ഇരുവർക്കും നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ പ്രാഥമികചികിത്സനൽകി. ശേഷം തലയ്ക്ക് സാരമായി പരിക്കേറ്റ ബാബുവിനെ വടകര ആശുപത്രിയിലേക്കുമാറ്റി. കൂടെയുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ടുപേർ പരിക്കേൽക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പാനേലക്കാവ് റോഡിൽ നിരന്തരമായി അപകടമുണ്ടാക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സ്കൂട്ടറപകടത്തിൽ പരിക്കേറ്റ രണ്ടുപേർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button