
ഇരിട്ടി ; വിവിധയിടങ്ങളിലെ മിന്നൽ ചുഴലിയിൽ വ്യാപക നാശം. ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരംവീണും ഓടുകളും മേൽക്കൂരയും പാറിപ്പോയും ആറോളം വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് നിരവധി വൈദ്യുതിത്തൂണുകൾ തകർന്നു.നേരംപോക്ക്-നരിക്കുണ്ടം-താലൂക്ക് ആശുപത്രി റോഡിലും നരിക്കുണ്ടം-കാലൂന്നുകാട് റോഡിലും മരങ്ങൾ വീണും വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു.
ഞായറാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പുരയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയവയാണ് ഏറെയും കടപുഴകിയത്. നേരംപോക്ക് അമ്പലം റോഡിലെ റിട്ട. അധ്യാപകൻ പി.എൻ. കരുണാകരൻ നായരുടെ വീടിനു മുകളിൽ രണ്ട് തെങ്ങുകളും ഒരു കവുങ്ങും വീണ് വീടിന്റെ ടെറസിലും അടുക്കള ഭാഗത്തും കേടുപാടുകൾ സംഭവിച്ചു.നരിക്കുണ്ടത്തെ കെ.പി. പ്രകാശൻ മാസ്റ്ററുടെ വീടിന്റെ രണ്ടാംനിലയിലെ ഒരു ഭാഗത്തെ ഓടുകൾ മുഴുവൻ കാറ്റിൽ പാറിപ്പോയി. ഇതിന് സമീപത്തെ ചാത്തോത്ത് പ്രസന്നയുടെ വീടിന്റെ മേൽക്കൂരയുടെ നിരവധി ഓടുകളും കാറ്റിൽ ഇളകിവീണ് നശിച്ചു. അളോറ ശൈലജയുടെ ഓടിട്ട വീടിന് മുകളിൽ രണ്ട് കവുങ്ങ് പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു.പി.എം. രവീന്ദ്രന്റെ ഓടിട്ട വീടിന് മുകളിലേക്ക് മരങ്ങൾ വീണ് വീടിന്റെ അടുക്കളഭാഗം തകർന്നു. അനീഷ് പണിക്കരുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിന്റെ മുകൾ ഭാഗത്തെ റൂഫിങ് ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂര കാറ്റിൽ പാറി കെട്ടിടത്തിൽനിന്നും 50 മീറ്ററിലധികം ദൂരെയുള്ള ശ്രീപോർക്കലി ഭഗവതി കോട്ടത്തിന് സമീപം വീണു.
കോട്ടത്തിന്റെ മുകളിൽ വീഴാതെ മേൽക്കൂരയുടെ ഒരു മൂലയിൽ മാത്രം തട്ടിനിന്നതിനാൽ കെട്ടിടത്തിന് തകരാർ സംഭവിച്ചില്ല. ഇരിട്ടി പഴയ സ്റ്റാൻഡിലെ കെ.കെ ടൂറിസ്റ്റ് ഹോമിന്റെ ഉടമസ്ഥതയിലുള്ള ഷെഡിന്റെ മുകളിൽ സമീപവാസിയുടെ പറമ്പിലെ മരം പൊട്ടിവീണ് മേൽക്കൂരക്ക് നാശമുണ്ടായി.ഇവിടെത്തന്നെ തെങ്ങ് പൊട്ടിവീണ് സ്ഥാപനത്തിന്റെ അലക്കുപുര പാടേ തകർന്നു. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നു. നേരംപോക്ക് നരിക്കുണ്ടം റോഡിൽ വിവിധയിടങ്ങളിലായി മരംവീണ് അഞ്ചോളം ഇലക്ട്രിക് തൂണുകളും വൈദ്യുതിലൈനുകളും തകർന്നു.അനീഷ് പണിക്കരുടെ പറമ്പിലെ കൂറ്റൻ തേക്കുമരം മതിലിനു മുകളിലേക്കും റോഡിലേക്കുമായി മറിഞ്ഞുവീണു. നാട്ടുകാർ മരങ്ങൾ മുറിച്ചുമാറ്റിയാണ് മണിക്കൂറുകളോളം തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്.പായം കോണ്ടമ്പ്ര തട്ടിലെ കെ.പി. പ്രമോദിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂരയാണ് ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ തകർന്നത്.
ഈ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പടിയൂർ പുലിക്കാട്ടിൽ ടൗണിലെ തടിക്കൽ ശശിധരന്റെ കട കനത്ത മഴയിലും കാറ്റിലും പൂർണമായും തകർന്നുവീണു. ചെങ്കല്ലും ആസ്ബസ്റ്റോസ് ഷീറ്റുംകൊണ്ട് നിർമിച്ച കട കുറച്ചു നാളായി പ്രവർത്തിക്കുന്നില്ലായിരുന്നു.