
തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാന് സമീപമുള്ള ഷോപ്പിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു. തെഹ്റാൻ പ്രവിശ്യയിലെ ആൻഡിഷെ പട്ടണത്തിലുള്ള ‘അർഘവാൻ’ ഷോപ്പിങ് സെന്ററിലാണ് ചൊവ്വാഴ്ച അപകടമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബഹുനില കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ആവരണം കത്തുന്ന സ്വഭാവമുള്ളതാണെന്നും ഇത് തീ വേഗത്തിൽ പടരാൻ കാരണമായെന്നും പ്രാദേശിക അഗ്നിശമന വകുപ്പ് പറഞ്ഞതായി ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.അമേരിക്കയുമായി നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായാണോ തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.





