Kannur

ധർമ്മടം വീണ്ടും ചുവപ്പാക്കി ക്യാപ്റ്റൻ; പിണറായി വിജയൻറെ ജയം 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന്

Please complete the required fields.




കണ്ണൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ധർമ്മടം നിയോജക മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയന് വിജയം. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നേടിയാണ് വിജയം. 84,504 വോട്ടുകൾ പിണറായി വിജയൻ നേടി. 66,067 വോട്ടുകൾ നേടി കോണ്‍ഗ്രസിന്‍റെ അഡ്വ വി പി അബ്ദുൾ റഷീദ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ബി‍ജെപിയുടെ കെ രജ്ഞിത് 18,383 വോട്ടുകളും സ്വന്തമാക്കി.

ആദ്യ അ‌ഞ്ച് റൗണ്ടുകൾ എണ്ണിക്കഴിയുമ്പോഴും പിന്നിലായിരുന്ന പിണറായി വിജയൻ ആറാം റൗണ്ടിലെത്തിയപ്പോഴാണ് ആദ്യമായി മുന്നിലേക്ക് കടന്ന് വന്നത്. പതുക്കെ പതുക്കെ മാത്രമാണ് പിണറായി വിജയന് തന്‍റെ ലീഡ് ഉയർത്താനായത്. ഒടുവിൽ 15 റൗണ്ടുകളും എണ്ണിത്തീരുമ്പോൾ 19,247 ന്‍റെ ഭൂരിപക്ഷം മാത്രമാണ് പിണറായി വിജയനുണ്ടായിരുന്നത്.

രാഷ്ട്രീയ കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയ ആദ്യ മുഖ്യമന്ത്രി എന്ന ഖ്യാതിയിൽ നിന്നും സ്വന്തം മണ്ഡലത്തിൽ ഒരുഘട്ടത്തിൽ പിണറായി വിജയന് തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പയ്യന്നൂരും തളിപ്പറമ്പും ആലപ്പുഴയിലും ഉയർന്ന വിമത സ്വരങ്ങളെ സിപിഎം ഇനി എങ്ങനെ പ്രതിരോധിക്കുമെന്നതും കാത്തിരുന്ന് കാണണം.

കേരള രാഷ്ട്രീയം ഉറ്റു നോക്കിയ മണ്ഡലമാണ് ധർമ്മടം. നിലവിലെ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ നേരിട്ട് വീണ്ടുമൊരിക്കൽക്കൂടി ജനവിധി തേടുന്ന മണ്ഡലത്തിലെ പ്രചാരണങ്ങൾക്കും അത്രയധികം പോരാട്ട വീര്യമുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. വി പി അബ്ദുൾ റഷീദിന്‍റെ പ്രചാരണ ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്ത് മാറ്റിയത് വിവാദമായിരുന്നു. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയത്. ശബരിമലയും സ്വർണ്ണ കൊള്ളയുമൊക്കെ പ്രചാരണായുധമാക്കിയാണ് കോൺഗ്രസ് ഇത്തവണ പ്രചാരണം കൊഴുപ്പിച്ചത്.

പാർട്ടിയുടെ എക്കാലത്തെയും ഉരുക്കു കോട്ടെന്ന് അറിയപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ധർമ്മടം. 2016 -ലെയും 2021-ലെയും തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിനായിരുന്നു പിണറായിയുടെ വിജയം. 2016 -ൽ 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് ധര്‍മ്മടത്ത് പിണറായിക്ക് ലഭിച്ചത്. പിന്നീട് 2021 -ൽ അത് അര ലക്ഷം (50,123) വോട്ടിന്‍റെ ഭൂരിപക്ഷത്തിലേക്ക് കടന്നു.

Related Articles

Back to top button