Thiruvananthapuram

നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ 11 പേർക്ക് കോളറ; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Please complete the required fields.




തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ 11 പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് തടയാൻ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കാനും നിർദേശം ഉണ്ട്. അതേസമയം, കോളറ വ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്.

ഇത് രോഗ പ്രതിരോധത്തിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധർ നൽകുന്നുണ്ട്. പ്രദേശത്തെ എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരാണ് പനി ബാധിച്ച് മരിച്ചത്.

ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി. 12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26 കാരന്‍റെ മരണവും കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്.

Related Articles

Back to top button