ഇൻസ്റ്റഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസ്; നാല് പേർ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പെരുനാട് മേഖല സെക്രട്ടറി ജോയൽ തോമസ്, തോട്ടമൺ സ്വദേശി കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതിയെ ജുവനൽ ജസ്റ്റീസ് ഹോമിലേക്ക് മാറ്റി. കേസിൽ പതിനെട്ട് പേർ പ്രതികളാണ്.
വീട്ടിൽ വെച്ചും പല സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തന്റെ നഗ്‌നചിത്രങ്ങൾ പ്രതികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇന്നലെ സിഡബ്ല്യൂസിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്‌കൂളിൽ പോകാൻ മടികാണിച്ച പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇൻസ്റ്റഗ്രാം വഴി ഇവരിലൊരാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.