കോഴിക്കോട്: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്തവർ പലരും വഴി തെറ്റിയ വാർത്തകൾ പുതുമയുള്ളതല്ല. അടുത്തിടെ എറണാകുളത്ത് ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ പുഴയിലേക്ക് വീണ് രണ്ട് യുവ ഡോക്ടർമാർ മരിച്ച വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.
എന്നാൽ ഇത്തവണ ഒരു ലോറി ഡ്രൈവറാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ഭാഗത്ത് നിന്ന്, കോഴിക്കോട് മുക്കത്തേക്ക് പോകേണ്ടിയിരുന്ന ലോറി വഴി തെറ്റി എത്തിയത് മാവൂർ മണന്തലക്കടവിൽ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ വഴി എളമരം പാലം കടന്നയുടനെ ഗൂഗിൾ മാപ്പ് വഴിയായി നിർദേശിച്ചത് ഇടത്തോട്ടേക്കാണെന്നാണ് ലോറി ഡ്രൈവർ പറയുന്നത്.
എന്നാൽ ഇത് മാവൂരിലേക്കുള്ള വഴിയായിരുന്നു. മാവൂർ അങ്ങാടിയിൽ എത്തിയപ്പോഴാകട്ടെ ഇടത് വശത്തേക്ക് മണന്തലക്കടവ് ഭാഗത്തേക്കാണ് വഴിയെന്ന് ഗൂഗിളിന്റെ ശബ്ദ സന്ദേശം ലഭിച്ചതായി ഡ്രൈവർ പറഞ്ഞു. തുടർന്നും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയ ലോറി ഡ്രൈവർ ഒടുവിൽ ചെന്നെത്തിയത് ചാലിയാർ പുഴയുടെ അരികിലാണ്.
കഷ്ടകാലം അതു കൊണ്ടും അവസാനിച്ചില്ല. ഗൂഗിളിനെയും പഴിച്ച് തിരിച്ചു മാവൂരിലേക്ക് തന്നെ വന്ന ലോറി നേരെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. കൂളിമാട് ഭാഗത്ത് നിന്നും മാവൂരിലേക്ക് വന്ന കാറുമായാണ് ലോറി ഇടിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ലെങ്കിലും കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഡ്രൈവർ പറഞ്ഞു.