Ernakulam

ദീപാവലി ആഘോഷമാക്കി നാടും നഗരവും

Please complete the required fields.




കൊച്ചി: ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ് കേരളത്തിലെ പ്രധാന നഗരങ്ങളെല്ലാം. തലസ്ഥാന ന​ഗരിയും മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റും നന്മയുടെ ആഘോഷമായ ദീപാവലിയെ വരവേറ്റു കഴിഞ്ഞു. മൺചെരാതുകൾ കത്തിച്ചും രംഗോലി വരച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് ദീപാവലി ആഘോഷം. മലയാളികളുടെ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമാണ് ഉണ്ടാവുക. എന്നാൽ ഗുജറാത്തികൾക്ക് ഒന്നല്ല, അഞ്ച് ദിവസമാണ് ദീപാവലി ആഘോഷങ്ങൾ.

ഈ അഞ്ച് ദിവസങ്ങളിലും വ്യത്യസ്തമായ രീതിയിൽ ഗുജറാത്തികൾ രംഗോലി വരച്ച് മുറ്റങ്ങളും വീടും ഭംഗിയാക്കും. ധനലക്ഷ്മിയെ പ്രാർത്ഥിച്ച് വീട്ടിലേക്ക് വരവേൽക്കുന്ന ചടങ്ങുകളാണ് ഇത്. ഇത്തവണയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്ക കടകൾ നേരത്തെ തയ്യാറായിരുന്നു. മാലപ്പടക്കം മുതൽ സ്റ്റാർ റഷ് പൂക്കുറ്റി വരെ, വിവിധ തരത്തിലുള്ള പടക്കങ്ങൾ വിപണിയിൽ ലഭ്യമാണ്.

രംഗോലിയും പടക്കവും കഴിഞ്ഞാൽ ദീപാവലി ആഘോഷങ്ങളിൽ പ്രധാനി മധുര പലഹാരമാണ്. മധുരം നൽകിയും സ്നേഹം പങ്കിട്ടും ആഘോഷം വർണാഭമാക്കാൻ മധുര വിഭവങ്ങളിൽ പുതുമ നിറഞ്ഞിട്ടുണ്ട്. പല നിറങ്ങൾ ചാലിച്ച മധുര പലഹാരങ്ങൾ ആകർഷകമാണ്. പാൽ, ഖാജു വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെയും. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമായാണ് ദീപാവലി ആഘോഷിക്കുന്നത്.

ശ്രീരാമൻ 14 വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റെ പ്രതീകമായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലി ആഘോഷിക്കുമ്പോൾ ജൈനമത വിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ട്, ഒരുമയുടെ വെളിച്ചമേകട്ടെ എല്ലാവർക്കും ഈ ദീപാവലിയും.

Related Articles

Back to top button