സപ്ലൈകോയുടെ വിഷുക്കൈനീട്ടവും സ്പെഷ്യൽ കിറ്റും; ഈസ്റ്റർ-വിഷു ഫെയറുകൾ ഏപ്രിൽ ഒന്ന് മുതൽ

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കായി ഒരുങ്ങി സപ്ലൈകോ. സംസ്ഥാനത്തെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ വില്പനശാലകളെല്ലാം ഏപ്രിൽ 1 മുതൽ 14 വരെ ഈസ്റ്റർ-വിഷു ഫെയറുകളായി മാറും.
ആഘോഷകാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ‘വിഷുക്കൈനീട്ടം’ പദ്ധതിയും കുറഞ്ഞ നിരക്കിലുള്ള പ്രത്യേക വിഷുക്കണി കിറ്റുമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ. സപ്ലൈകോയുടെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 101 രൂപയുടെ ‘വിഷുക്കൈനീട്ടം’ കൂപ്പൺ സമ്മാനമായി ലഭിക്കും.
ഈ കൂപ്പൺ ഉപയോഗിച്ച് ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ സപ്ലൈകോയിൽ നിന്ന് വീണ്ടും ആയിരം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഇളവ് നേടാനാകും. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകൾ, എൽപിജി ഔട്ട്ലെറ്റുകൾ എന്നിവയിൽ ഈ ആനുകൂല്യം ലഭ്യമാകില്ല.കൂടാതെ, സദ്യയ്ക്കും പായസത്തിനുമായി 16 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക വിഷുക്കണി കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ 1250 രൂപ വിലവരുന്ന ഈ കിറ്റ് കേവലം 1001 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
പഞ്ചസാര, പയറുവർഗങ്ങൾ, പായസം മിക്സ്, വെളിച്ചെണ്ണ, ചായപ്പൊടി, മസാലകൾ തുടങ്ങി അടുക്കളയിലേക്ക് വേണ്ട പ്രധാന വിഭവങ്ങളെല്ലാം ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളിൽ സാധാരണക്കാർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.





