
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ രാത്രി 8.30 വരെ 19 മില്ലീമീറ്റർ മഴ പെയ്തു. താമരശ്ശേരി താലൂക്കിൽ 9 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. വടകര താലൂക്കിൽ 12 വീടുകൾ ഭാഗികമായി തകർന്നു. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ കലക്ടർ നിർദ്ദേശം. ഇരവഞ്ഞി പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. 27 വരെ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി.
തലയാട് മേഖലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കുത്തിയൊലിച്ചെത്തിയ വെള്ളം റോഡിലൂടെ പുഴയിലേക്ക് ഒഴുകി. കക്കോടി പഞ്ചായത്ത് 13-ാം വാർഡിൽ എളേടത്ത് പറമ്പത്ത് സിദ്ദീഖിന്റെ വീടിനോട് ചേർന്ന സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞു. വീട് അപകടാവസ്ഥയിൽ ശക്തമായ മഴയിൽ ശനിയാഴ്ച അർധരാത്രിയാണ് വീട്ടുമുറ്റത്തോട് ചേർന്ന മതിൽ ഇടിഞ്ഞു സമീപത്തെ വീടിന്റെ പിറകുവശത്തേക്ക് പതിച്ചത്. വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശിച്ചു.





