കരിഞ്ഞാലി പുഞ്ചയിൽ നീന്തുന്നതിനിടെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

പന്തളം: കരിഞ്ഞാലി പുഞ്ചയിൽ നീന്തുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായി. ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ(32) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ കുളിക്കാനിറങ്ങിയ ലെനിൻ പുഞ്ചയിലെ വെള്ളത്തിൽ നീന്തുന്നതിനിടെ താഴ്ന്ന് പോവുകയായിരുന്നു.
സംഭവം നടന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവർത്തനം വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് പന്തളം നഗരസഭയുടെ നേതൃത്വത്തിൽ വള്ളം ഇറക്കിയാണ് തിരച്ചിൽ ആരംഭിച്ചത്.
നിലവിൽ പുഞ്ചയിൽ ഡിങ്കി ബോട്ട് ഇറക്കി സ്കൂബ ഡൈവിംഗ് സംഘമെത്തി തിരച്ചിൽ തുടരുകയാണ്.ഇന്നലെ കരിഞ്ഞാലി പുഞ്ചയിൽ വെള്ളം കയറി ബണ്ട് റോഡ് മുങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശക്തമായ ഒഴുക്കും വെള്ളക്കെട്ടും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഇതുവരെ 15 പേർ മരിച്ചു. 7 പേരെ കാണാതായിട്ടുണ്ട്. ഇന്നുമുതൽ ഏഴാം തിയതി വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.നദികളിലും പുഴകളിലും കുളിക്കാനും നീന്താനും ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.ലെനിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എത്രയും വേഗം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.





