
നരിക്കുനി: മഴയെത്തുടർന്ന് മടവൂർ പൈമ്പാലശ്ശേരിയിൽ ഓടുമേഞ്ഞ ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയുടെ ഭാഗം സമീപത്തെ ഹോട്ടലിനു മുകളിലേക്ക് വീണ് ഹോട്ടൽ തകർന്നു.
കാലപ്പഴക്കംമൂലം ജീർണാവസ്ഥയിലായ കെട്ടിടത്തിലെ ഒന്നാംനിലയിൽനിന്ന് ഇളകിയ കല്ലും ഓടുമാണ് തൊട്ടടുത്തുള്ള ഹോട്ടലിനു മുകളിലേക്ക് പതിച്ചത്. ഓലമേഞ്ഞ മേൽക്കൂരയോടെ താത്കാലിക കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഞായറാഴ്ച 12-ഓടെയാണ് സംഭവം. ഉച്ചയൂണില്ലാതെ നാടൻവിഭവങ്ങളോടെ പ്രവർത്തിക്കുന്നതാണ് ഹോട്ടൽ. സംഭവസമയത്ത് ഹോട്ടലിൽ ആളുകളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. കെട്ടിടത്തിലെ ശേഷിക്കുന്ന ഭാഗവും അപകടഭീഷണി ഉയർത്തുന്നുണ്ട്.





