വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്; ആരോഗ്യനിലയെക്കുറിച്ച് പൃഥ്വിരാജ്

കൊച്ചി: കഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്കേറ്റത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കാലിലെ ലിഗമെന്റില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്.
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നോട് സ്‌നേഹം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
”ഹലോ! അതെ.. ‘വിലയത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു.
ഭാഗ്യവശാല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്താന്‍ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ഞാനിപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. രണ്ട് മാസത്തേയ്ക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കും. പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം എന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ വരാനും വേദനയില്‍നിന്ന് പോരാടുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ അവസരത്തില്‍ എന്നിലേക്ക് എത്താന്‍ ശ്രമിക്കുകയും ഉത്കണ്ഠയും സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി”- പൃഥ്വിരാജ് കുറിച്ചു.





