ക്ഷേത്രവേദിയില്‍ 216 ആദിവാസി യുവതീയുവാക്കള്‍ക്ക് മാംഗല്യം; സൗജന്യമായി വിവാഹവസ്ത്രങ്ങളും സ്വര്‍ണവും

കോവളം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരീദേവി ക്ഷേത്രത്തിലെ മംഗല്യവേദിയിൽ 216 യുവതീയുവാക്കൾ വിവാഹിതരായി. ക്ഷേത്രവളപ്പിൽ സജ്ജമാക്കിയ പ്രത്യേക ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. കേരളം, മഹാരാഷ്ട്ര ഉൾപ്പെട്ട സംസ്ഥാനങ്ങളിൽനിന്നുളള 216 ആദിവാസി യുവതീ യുവാക്കളാണ് വിവാഹിതരായത്.
കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുന്നിൽ ഉയർത്തിക്കൊണ്ടുവരുന്നതിനുമാണ് ഇത്തരമൊരു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഒരുവർഷംനീണ്ട പരിശ്രമത്തിനൊടുവിലാണ് 216 യുവതീയുവാക്കളെ കണ്ടെത്തിയത്.
ആദിവാസി സമൂഹത്തിൽപ്പെട്ട 84 പേർ, അട്ടപ്പാടിയിൽ നിന്ന് 72 പേർ, ഇടുക്കി കോവിൽമലയിലെ ആദിവാസി ഊരിൽനിന്ന് 52 പേർ എന്നിങ്ങനെയാണ് വിവാഹിതരായത്. കൂടാതെ, മഹാരാഷ്ടയിലെ ഉൾവനങ്ങളിൽ മാത്രം താമസിക്കുന്ന എട്ടുകുടുംബങ്ങളും സമൂഹവിവാഹത്തിന്‍റെ ഭാഗമായി.
കേശവദാസപുരത്ത് പ്രവർത്തനമാരംഭിച്ച ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നൂറാമത് ശാഖയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് പൗർണ്ണമിക്കാവ് ദേവീക്ഷേത്ര ട്രസ്റ്റുമായി ചേർന്ന് ആദിവാസി ഗോത്രത്തിൽപ്പെട്ട യുവതീയുവാക്കളുടെ വിവാഹം നടത്തുന്നതെന്ന് ക്ഷേത്രം മുഖ്യട്രസ്റ്റി എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു. വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് ആദിവാസി-ഗോത്ര സമുദായത്തിലെ വിവിധ ചടങ്ങുകൾ നടന്നു. തുടർന്ന് ക്ഷേത്രത്തിൽ സമൂഹവിവാഹം നടത്തുകയായിരുന്നു.
വധുവരമാൻമാർക്ക് സ്വർണ്ണവും വസ്ത്രവും; വിവാഹിതരാകുന്ന 216 പേർക്കും വിവാഹവേഷങ്ങളും ആവശ്യമായ സ്വർണ്ണവും ഒരുമാസത്തേക്കുളള ഭക്ഷണവസ്തുക്കളും നൽകി. തുടർന്ന് ഇവർ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തു. വധൂവരൻമാരുടെ ബന്ധുക്കളടക്കം എത്തുന്ന 1000 -ത്തിലധികം പേർക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.





