India

അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു

Please complete the required fields.




കമ്പം : കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലാണുള്ളത്. രണ്ട് ദിവസമായി ഈ മേഖലയിൽ തുടരുകയാണ്.

തേനിയിൽ നിന്ന് 160 വനംവകുപ്പ് ഉദ്യോഗസ്ഥരും കോയമ്പത്തൂർ, ഹൊസൂർ മേഖലകളിൽ നിന്നുള്ള 31 വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും ഉൾപ്പെടെ 200ഓളം പേരടങ്ങിയ ദൗത്യസംഘമാണ് മേഖലയിൽ തുടരുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് ആനയെ നിരീക്ഷിക്കുന്നത്. വനത്തിൽ ആനയെ നിരീക്ഷിക്കാൻ പരിശീലനം നേടിയ ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്.

കൂടാതെ, സ്വയംഭൂ, മുത്തു, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടിവെക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനത്തിൽ നിന്ന് പുറത്തുകടക്കുന്നില്ലെങ്കിൽ ഉൾവനത്തിലേക്ക് തുരത്താൻ വേണ്ടിയുള്ള ശ്രമവും നടത്തും. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ആന സഞ്ചരിക്കുന്ന ദൂരവും കുറഞ്ഞിട്ടുണ്ട്.

മേയ് 27ന് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്തതോടെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ, ഇതിന് പിന്നാലെ ആന വനമേഖലയിലേക്ക് കയറുകയായിരുന്നു. ഏപ്രിൽ 29ന് ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവസംരക്ഷണ മേഖലയിൽ തുറന്നുവിട്ട ആനയാണ് പിന്നീട് തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നത്.

Related Articles

Leave a Reply

Back to top button