Kozhikode

നിർമാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ്‌ ഞായറാഴ്ച മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

Please complete the required fields.




പേരാമ്പ്ര: നിര്‍മാണം പൂര്‍ത്തീകരിച്ച പേരാമ്പ്ര ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. അഗ്രികള്‍ച്ചര്‍ റഗുലേറ്ററി മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടില്‍ പകല്‍ 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. പദ്ധതി രണ്ട് വര്‍ഷംകൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നാടിന്റെ വികസനത്തിന് ബൈപാസ് കുതിപ്പേകുമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട്-കുറ്റ്യാടി റോഡില്‍ കക്കാട് പള്ളിക്ക് സമീപത്തുനിന്ന് കല്ലോട് വരെ 12.2 കിലോമീറ്ററുള്ളതാണ് ബൈപാസ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ –ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മിച്ചത്. 2021 ഫെബ്രുവരി 14-നാണ് നിര്‍മാണോദ്ഘാടനം നടന്നത്. 47.65 കോടി രൂപ ചെലവിട്ടു. ബൈപാസിന്റെ രണ്ടറ്റം വീതി കൂട്ടുന്നതിനും പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍നിന്ന് ബൈപാസിലേക്ക് ലിങ്ക് റോഡ് നിര്‍മിക്കുന്നതിനുമായി 16.71 കോടി രൂപയുടെ പദ്ധതി അനുമതിക്കായി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 997 സെന്റാണ് ഏറ്റെടുത്തത്.

മുന്‍ എംഎല്‍എമാരായ എ കെ പത്മനാഭന്‍, എന്‍ കെ രാധ, കെ കുഞ്ഞമ്മദ് എന്നിവരും നിരന്തരം ഇടപെട്ടു. 2017-18 ലെ ബജറ്റ് നിര്‍ദേശമനുസരിച്ചാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. 139 പേരില്‍നിന്നാണ് ഭൂമി ഏറ്റെടുത്തത്. കോവിഡ് പ്രതിസന്ധികാലത്തിനിടയിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിന്റെ ഫലമായാണ് കാലതാമസമില്ലാതെ ബൈപാസ് നടപ്പായത്.

Related Articles

Leave a Reply

Back to top button