Idukki

അരിക്കൊമ്പനെ പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു; നിരീക്ഷണം തുടരും

Please complete the required fields.




ഇടുക്കി: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അരികൊമ്പനെ കണ്ടെത്താനാവാതെ മയക്കു വെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. പുലര്‍ച്ചെ 4 മണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നിരുന്നത്. എന്നാല്‍ വനം വകുപ്പ് തിരഞ്ഞ അരികൊമ്പന്‍ ശങ്കരപണ്ഡിയ മെട്ടില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയെ കണ്ടെത്തിയാല്‍ അനുകൂല ഘടകങ്ങള്‍ പരിശോധിച്ച് ഏറ്റവും അടുത്ത ദിവസം വീണ്ടും ദൗത്യത്തിലേക്ക് കടക്കുകയും ചെയ്യും.

ഇടുക്കിയിലെ അക്രമകാരിയായ കാട്ടുകൊമ്പനെ പിടികൂടാനുള്ള വനവകുപ്പിന്റെ ആദ്യ ശ്രമം പരാജയമാവുകയാണ് ചെയ്തത്. വിവിധ വകുപ്പുകളിലെ 150 ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ നാലരയ്ക്ക് ദൗത്യം തുടങ്ങിയിരുന്നു. വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ അരിക്കൊമ്പന്‍ ഉണ്ടെന്ന ആത്മവിശ്വാസമാണ് ഉദ്യോഗസ്ഥര്‍ ആദ്യം പ്രകടിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് ദൗത്യ മേഖലയിലേക്ക് ആളുകള്‍ പുറപ്പെട്ടു. സര്‍വ്വ സന്നാഹവുമായി മയക്ക് വെടി വയ്ക്കാന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും. സിമന്റ് പാലത്തിന് സമീപമായി അരിക്കൊമ്പന്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദൗത്യസംഘം അവിടെ നിലയുറപ്പിച്ചു. രാവിലെ 7 മണിയോടുകൂടി മയക്കു വെടി വെക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പന്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം നീണ്ടു. പിന്നീട് വിവിധ സംഘങ്ങളായി തിരഞ്ഞ് അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയായിരുന്നു. 301 കോളനി ഭാഗത്തേക്ക് നീങ്ങി എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിഗമനം. എന്നാല്‍ ശങ്കരപണ്ഡിയന്‍ മെട്ടില്‍ ആനയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടേക്ക് തിരിച്ചു. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button