
കോഴിക്കോട് : കൂടത്തായി കേസിൽ ജോളി കൈക്കലാക്കിയ തന്‍റെ അമ്മയുടെ സ്വർണം കൈമാറരുതെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സിലിയുടെ മകൻ കോഴിക്കോട് പ്രത്യേക കോടതിയെ സമീപിച്ചു. പോലീസിനുമുന്നിൽ ബി.എസ്.എൻ.എൽ. ജീവനക്കാരൻ ജോൺസൺ ഹാജരാക്കിയ സ്വർണം തിരികെവേണമെന്ന് നേരത്തേ കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടിരുന്നു.
പോലീസ് അറസ്റ്റുചെയ്യുമെന്നു തോന്നിയപ്പോൾ 2019-ൽ സുഹൃത്തായ ജോൺസന്റെ കൈയിൽ കേസ് നടത്തിപ്പിന് ഏൽപ്പിച്ചതായിരുന്നു സ്വർണം. ഇത് ജോൺസൺ സിലി വധക്കേസ് അന്വേഷണസംഘത്തിന് കൈമാറിയതോടെ കോടതിയിലെത്തുകയായിരുന്നു. ഇത് തിരികെവേണമെന്നാവശ്യപ്പെട്ടാണ് ജോളി കോഴിക്കോട് പ്രത്യേക കോടതിയിൽ അപേക്ഷനൽകിയത്. ഇതിനെതിരേയാണ് ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന് ആദ്യഭാര്യ സിലിയിലുണ്ടായ മകൻ ഹർജിനൽകിയത്. തന്റെ അമ്മ സിലിയുടെ സ്വർണം ജോളി സൂത്രത്തിൽ കൈക്കലാക്കിയതാണെന്ന് ഹർജിയിൽ പറയുന്നു.
സിലിക്ക് സയനൈഡ് ചേർത്ത ശീതളപാനീയം ജോളി നൽകുകയും തുടർന്ന് ദന്താശുപത്രിയിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. പിന്നീട് സിലിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ അവിടെവെച്ച് ദേഹത്തുണ്ടായിരുന്ന സ്വർണം അധികൃതർ കൂടെയുണ്ടായിരുന്ന ജോളിയെ ഏൽപ്പിച്ചു. ഷാജുവിനെ ജോളി കല്യാണം കഴിച്ചതോടെ ഇതടക്കം സിലിയുടെ എല്ലാ സ്വർണവും ജോളി എടുത്തെന്നും ജൂവലറിയിൽ കൊടുത്ത് പുതുക്കിയെന്നും സിലിയുടെ മകൻ പറയുന്നു. ഇതേ സ്വർണമാണ് ജോൺസൺ കൈമാറിയതെന്നും അതിനാൽ കൈവശാവകാശം ജോളിക്ക് നൽകരുതെന്നും സിലിയുടെ മകൻ ആവശ്യപ്പെട്ടു. മേയ് 18-ന് അപേക്ഷയിൽ പ്രത്യേകകോടതി വാദംകേൾക്കും.





