
ഇടുക്കി: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ തൊടുപുഴയ്ക്ക് സമീപം ആലക്കോട് ഉണ്ടായ ഉരുൾപൊട്ടലിൽ 3 കുടുംബങ്ങളുടെ വീടുകൾ പൂർണമായും തകർന്നു. പുലർച്ചെ 2:25 ഓടെ എല്ലാവരും ഉറങ്ങുന്ന സമയത്തായിരുന്നു ദുരന്തം.വൻ ശബ്ദത്തോടെ മണ്ണും കല്ലും ഇടിഞ്ഞുവീണപ്പോൾ വീടുകളുടെ അടിത്തറയടക്കം താഴേക്ക് പതിച്ചു.
കട്ടയും കമ്പും കെട്ടിടാവശിഷ്ടങ്ങളും വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ അത്ഭുതകരമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. പ്രദേശവാസിയായ മാർട്ടിൻ മണ്ണിനടിയിൽ പൂണ്ടുപോയെങ്കിലും എങ്ങനെയോ പിടിച്ച് കയറി പുറത്തെത്തി. സമീപത്തെ വീട്ടിലുണ്ടായിരുന്ന ബിനു, ഷീല എന്നിവർക്കും കെട്ടിടാവശിഷ്ടങ്ങൾ വീണ് പരിക്കേറ്റു.
ഏറ്റവും മുകളിലെ ഒരു വീട് ഭാഗികമായി തകർന്ന് അപകടാവസ്ഥയിലായി. എന്നാൽ നവജാതശിശു അടക്കമുള്ള കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉരുൾപൊട്ടലിൽ വീട്ടുപകരണങ്ങളും സാധനസാമഗ്രികളും പൂർണമായും മണ്ണിനടിയിലായി. ദുരന്തബാധിതരായ കുടുംബങ്ങളെയും സമീപവാസികളെയും ഉടൻ തന്നെ തൊട്ടടുത്തുള്ള അങ്കണവാടിയിലേക്കും ബ്ലോക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചു.
അടിയന്തര പുനരധിവാസം ഉറപ്പാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.ഇടുക്കിയിൽ മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കുടയത്തൂർ അടൂർമലയിൽ ഉണ്ടായ മറ്റൊരു ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. പുലർച്ചെ 2 മണിയോടെ വീട് മുഴുവനായി മണ്ണിനടിയിലായാണ് മഷിക്കല്ലേൽ സുമതി (65) മരിച്ചത്.
അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് സുമതിയുടെ മൃതദേഹം കണ്ടെടുത്തത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും (77) മരിച്ചു.
ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട് തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.





