Kozhikode

താമരശ്ശേരിയില്‍ അനധികൃതമായി മണല്‍ കടത്തുന്ന ടിപ്പര്‍ പിടികൂടി

Please complete the required fields.




താമരശ്ശേരി: അനധികൃത മണല്‍ ഖനനത്തിനെതിരെ താരമശ്ശേരിയില്‍ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. കൂടത്തായി കരിങ്ങമണ്ണ കടവില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി റവന്യൂ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇരുതുള്ളി പുഴയില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തുന്നതായ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈറിന്റെ നിര്‍ദേശ പ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ മണല്‍ കൊള്ള നടക്കുന്നതായി കണ്ടെത്തിയിരുന്നു. മണല്‍ കടത്തുന്നത് അര്‍ധ രാത്രിയിലായതിനാല്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് ഒരു മാസം മുമ്പ് രാരോത്ത് വില്ലേജ് ഓഫീസര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാവാത്തതിനെ തുടര്‍ന്ന് തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തിങ്കളാഴ്ച അര്‍ധ രാത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. റവന്യൂ സംഘം പരിശോധനക്കെത്തിയപ്പോള്‍ ടിപ്പറില്‍ മണല്‍ കയറ്റുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ മണല്‍ കടത്ത് സംഘം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ടിപ്പര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം എ ശ്രീദത്ത്, രാരോത്ത് വില്ലേജ് ഓഫീസര്‍ ആര്‍ പ്രശാന്ത്, വില്ലേജ് അസിസ്റ്റന്റ് എം എം വിഷ്ണു, അക്ഷയ് കൃഷ്ണ, ഡ്രൈവര്‍ സുനി മാടത്തില്‍ എന്നിവരടങ്ങിയ സംഗമാണ് മണല്‍ കടത്ത് പിടികൂടിയത്. സംഭവത്തില്‍ ആര്‍ ഡി ഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്നും തഹസില്‍ദാര്‍ സി സുബൈര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button