
കട്ടിപ്പാറ : കട്ടിപ്പാറയിലെ കേളൻ മൂലയിൽ തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറുടെ കാലിന് സാരമായി പരിക്കേറ്റു. താമരശ്ശേരി ചുങ്കം കിണറുള്ളകണ്ടി മുനീറിനാണ് പരിക്കേറ്റത്. കട്ടിപ്പാറയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് മരത്തടികൾ കയറ്റിവരുകയായിരുന്ന ലോറി കേളൻമൂലയിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചശേഷം റോഡിന്റെ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട് ലോറി പൂർണമായും തകർന്നു. മരത്തടികൾക്കിടയിൽപ്പെട്ട കാബിനുള്ളിൽ അകപ്പെട്ട ഡ്രൈവറെ റോഡുപണിക്കാരുടെ എസ്കവേറ്റർ ഉപയോഗിച്ച് തടികൾ നീക്കിയാണ് പുറത്തെടുത്തത്.ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പരിക്കേറ്റ മുനീറിനെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡിലേക്ക് വീണ മരത്തടികൾ എസ്കവേറ്റർ ഉപയോഗിച്ച് മാറ്റുന്നത് വരെ ഇവിടെ ഭാഗിക ഗതാഗത തടസ്സമുണ്ടായി.





