
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറായി എ ഗീത ചുമതലയേറ്റു. ഒന്നര വർഷം വയനാട് ജില്ലാ കളക്ടറായിരുന്ന ശേഷമാണ് കോഴിക്കോട് കളക്ടറായി ഇന്ന് രാവിലെ ചുമതലയേറ്റത്. താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്നും ഇതിന്റെ ആദ്യപടിയായി കോഴിക്കോട് അടിവാരത്ത് ഭാര പരിശോധനാ കേന്ദ്രം തുടങ്ങുമെന്നും ലക്കിടിയിൽ ഈ കേന്ദ്രം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
മഴക്കാലമെത്തും മുമ്പ് ജില്ലയിലെ മാലിന്യസംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ഞെളിയൻപറമ്പ് പ്രശ്നത്തെക്കുറിച്ച് പഠിച്ച ശേഷം അടുത്ത ആഴ്ച അവിടം സന്ദർശിക്കുമെന്നും അവധിക്കാലം മുന്നിൽകണ്ട് ഗതാഗത തടസ്സം പരിഹരിക്കാനുള്ള നടപടികളുമുണ്ടാകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.





