അന്ത്യചുംബനം നൽകി ഭാര്യയും മകൻ തൻവിക്കും; പ്രിയസൈനികനെ ഒരുനോക്ക് കാണാൻ തടിച്ചൂകൂടി നാട്ടുകാർ

പാലക്കാട്: സിക്കിമിൽ സൈനികവാഹനം മറിഞ്ഞ് മരിച്ച ജവാൻ വൈശാഖിന് വിടചൊല്ലി നാട്. മാത്തൂർ ചെങ്ങണിയൂർ എ.യു.പി. സ്കൂൾ മൈതാനത്ത് വൈശാഖിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ ആദരവുമായി സ്കൂൾമൈതാനത്തേക്ക് ദേശമാകെ ഒഴുകിയെത്തി. വൈശാഖിനെ അവസാനമായി ഒരുനോക്കുകണ്ട് സല്യൂട്ട് നൽകിയും വന്ദേമാതരം മുഴക്കിയും പുഷ്പാർച്ചന നടത്തിയും നാട്ടുകാർ കണ്ണീരോടെ മടങ്ങി. കേന്ദ്രസേനയുടെയും സംസ്ഥാനസർക്കാരിന്റെയും ബഹുമതികളോടെയായിരുന്നു അന്ത്യകർമങ്ങൾ.
കോയമ്പത്തൂരിൽനിന്ന് വിലാപയാത്രയായി
ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട്ടേക്ക് കൊണ്ടുവന്ന മൃതദേഹം മന്ത്രി എം.ബി. രാജേഷ്, ഷാഫി പറമ്പിൽ എം.എൽ.എ., ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ വാളയാറിൽ ഏറ്റുവാങ്ങി. രാത്രി ഒൻപതോടെ മാത്തൂർ ചെങ്ങണിയൂർക്കാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാത്രിയും പ്രിയസൈനികനെ ഒരുനോക്കുകാണാൻ വൻജനാവലിയാണ് വീടിനുമുന്നിൽ തടിച്ചുകൂടിയത്.
തിങ്കളാഴ്ച കാലത്ത് ഒൻപതോടെ മൃതദേഹം പൊതുദർശനത്തിനായി ചെങ്ങണിയൂർ എ.യു.പി. സ്കൂളിലെത്തിച്ചു. സംസ്ഥാനസർക്കാരിനുവേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള പോലീസിനുവേണ്ടി ജില്ലാമേധാവി ആർ. വിശ്വനാഥും അന്ത്യോപചാരമർപ്പിച്ചു. പത്തുമണിയോടെ മൃതദേഹം വിലാപയാത്രയായി ഐവർമഠം ശ്മശാനത്തിലെത്തിച്ചു. ഭാര്യ ഗീതു സൈനികോദ്യോഗസ്ഥരിൽനിന്ന് വൈശാഖിന്റെ യൂണിഫോം ഏറ്റുവാങ്ങി സല്യൂട്ട് നൽകി. ഗീതുവും ഒന്നരവയസ്സുകാരനായ മകൻ തൻവിക്കും വൈശാഖിന് അന്ത്യചുംബനം നൽകിയപ്പോൾ ചുറ്റും കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞു.
110 കോയമ്പത്തൂർ ടി.എ. ബറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ സന്ദ്നു, 221 മീഡിയം റെജിമെന്റിലെ മേജർ പ്രമോദ്, പാലക്കാട് സൈനികക്കൂട്ടായ്മ, കരിമ്പനക്കൂട്ടം എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കാരം നടന്നു. വെള്ളിയാഴ്ച കാലത്ത് കരസേനയുടെ ട്രക്ക് വടക്കൻസിക്കിമിലെ മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. വൈശാഖ് ഉൾപ്പെടെ 16 സൈനികരാണ് മരിച്ചത്. 2015-ൽ സേനയിൽ കയറിയ വൈശാഖ് 221 കരസേനാ റെജിമെന്റിൽ നായിക്കായാണ് സേവനമനുഷ്ഠിച്ചിരുന്നത്.





