പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി. അനില്‍ കാന്ത്. കേരള പോലീസിലെ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും. കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഇപ്പോൾ തന്നെ ശക്തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്പെഷൽ ഡ്രൈവുകൾ നടക്കുന്നുണ്ട്. പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്പെഷൽ ഡ്രൈവുകൾ ഉണ്ടാകും. പട്രോളിങുകൾ നടക്കും. രഹസ്യ വിവരം ലഭിച്ചാൽ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




