
കോഴിക്കോട്∙ ജില്ലയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ശ്രമം. ഈയാഴ്ച തന്നെ ആദ്യഡോസ് സ്വീകരിക്കാനുള്ള എല്ലാവർക്കും വാക്സീൻ നൽകാനാണു ശ്രമം. 2 ദിവസങ്ങളിലായി ജില്ലയിൽ 2.5 ലക്ഷത്തോളം ഡോസ് വാക്സീൻ എത്തിയിട്ടുണ്ട്. ആദ്യഡോസ് എടുക്കാനുള്ളവർക്കു മുൻഗണന നൽകാനാണ് ആരോഗ്യവകുപ്പിന്റെ പരിശ്രമം.
ഇന്ന് ഒരു ലക്ഷത്തോളം പേർക്കു വാക്സീൻ വിതരണം ചെയ്യും. ജില്ലയിലെ പത്തോളം പഞ്ചായത്തുകളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായിട്ടുമുണ്ട്. ജില്ലയിൽ ഇതുവരെ 21.15 ലക്ഷം പേർ ആദ്യഡോസ് വാക്സീൻ എടുത്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ വാക്സീൻ സ്വീകരിച്ചവരുടെ കണക്കാണിത്. 18നു മുകളിൽ ഇനി 4 ലക്ഷത്തോളം പേർ ആദ്യഡോസ് സ്വീകരിക്കാനുണ്ട്. ഇതിൽ ഒന്നരലക്ഷത്തോളം പേർ ജൂലൈയ്ക്കു ശേഷം കോവിഡ് പോസിറ്റീവായരാണ്.
ഇവർക്കു 3 മാസം കഴിഞ്ഞ ശേഷമേ വാക്സീൻ സ്വീകരിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ ഇപ്പോൾ എത്തിയിരിക്കുന്ന വാക്സീൻ പൂർണമായി ആദ്യ ഡോസുക്കാർക്ക് കൊടുത്താൽ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടൽ. എന്നാൽ, രണ്ടാം ഡോസ് എടുക്കാൻ തീയതി പിന്നിട്ട ഒട്ടേറെപ്പേരുള്ളതിനാൽ അവർക്കു വാക്സീൻ കൊടുക്കാതിരിക്കാൻ സാധിക്കില്ല എന്നും വാദിക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്.
ഓൺലൈനിൽ വാക്സീൻ സ്‍ലോട്ടുകൾ
കോവിൻ പോർട്ടലിൽ വൈകിട്ട് 7നു ശേഷം വാക്സീൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ കേന്ദ്രത്തിലും വിതരണം ചെയ്യുന്ന പകുതിയോളം ഡോസുകളാണ് ഓൺലൈൻ ബുക്കിങ്ങിനായി വെബ്സൈറ്റിൽ ഇടുന്നത്. ഇതിൽത്തന്നെ 90 ശതമാനവും ആദ്യ ഡോസ് വാക്സീൻ എടുക്കാനുള്ളവർക്കു മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ക്യാംപുകളിൽ ഭൂരിഭാഗവും സ്പോട്ട് റജിസ്ട്രേഷൻ വഴിയാണു വാക്സീൻ വിതരണം ചെയ്യുന്നത്.





