
കോഴിക്കോട് : മെഡിക്കൽ കോളേജിന്റെ പരിസരങ്ങളിലൂടെ കടന്നുപോകുന്ന റിങ് റോഡിന് 12 മീറ്റർ വീതി വേണമെന്നാവശ്യപ്പെട്ട് യൂണിറ്റി ഫോർ റിങ് റോഡ് ആക്‌ഷൻ കമ്മിറ്റി ചുറ്റുമതിൽ നിർമാണസ്ഥലത്ത് പ്രതിഷേധിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി കമ്മിറ്റിപ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. എ.സി.പി. കെ. സുദർശന്റെ നേതൃത്വത്തിലെത്തിയ 40-ഓളംവരുന്ന പോലീസ് സംഘത്തിന്റെ മേൽനോട്ടത്തിൽ മതിൽനിർമാണപ്രവൃത്തി തുടർന്നു.
കാളാണ്ടിത്താഴം മുതൽ കോവൂരിന് സമീപത്തുള്ള ഡെന്റൽ കോളേജ് പരിസരംവരെ ഏഴ് മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ മെഡിക്കൽകോളേജിന്റെ ഭൂമി വിട്ടുനൽകണമെന്ന് 2018 ഒക്ടോബറിൽ ചേർന്ന യോഗത്തിന്റെ മിനുട്‌സിലുണ്ട്. അന്നത്തെ എം.എൽ.എ. യും കൗൺസിലർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ റോഡിന് 12 മീറ്റർ വീതി വേണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി പറഞ്ഞു.
നേരത്തേ അഞ്ചുമീറ്ററായിരുന്നു വീതി. എം.എൽ.എ.യും കൗൺസിലറും വിവിധ രാഷ്‌ട്രീയപ്പാർട്ടി പ്രതിനിധികളടങ്ങുന്ന ആക്‌ഷൻ കമ്മിറ്റിയുടെയും ശക്തമായ ആവശ്യത്തെത്തുടർന്ന് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മറ്റുവികസന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നതരത്തിൽ പരമാവധി ഏഴ് മീറ്ററായി വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഒരുവർഷത്തിനുശേഷം 12 മീറ്ററാക്കി മാറ്റണമെന്ന് ആവശ്യം ഉന്നയിക്കുകയാണ്.
ആശുപത്രിയിൽ നിർമിക്കാൻ പോകുന്ന ഐസൊലേഷൻ ബ്ലോക്കിനെയും നഴ്‌സിങ് ഫോസ്റ്റലിന്റെ സുരക്ഷിതത്വത്തെയും ബാധിക്കുന്നതാണ് പുതിയ ആവശ്യമെന്നും പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം ആശുപത്രി ചുറ്റുമതിൽ കെട്ടുന്നതിന് തങ്ങൾ എതിരല്ലെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ കോളേജ് ഹൈസ്കൂളിന് സമീപത്തുനിന്ന് തുടങ്ങി എം.എസ്.എസ്. എയ്ഡ് സെന്റർ വഴി കാളാണ്ടിത്താഴം വരെയുള്ള റിങ് റോഡിന്റെ വീതി 12 മീറ്ററിൽ യാഥാർഥ്യമാകുമ്പോൾ കാറുകൾ, ആംബുലൻസുകൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കോവൂരിൽനിന്നും കാളാണ്ടിത്താഴത്തേക്കും തിരിച്ചുംപോകാൻ സൗകര്യമൊരുങ്ങും.
നിലവിൽ മെഡിക്കൽകോളേജ് ജങ്ഷനിലും മാതൃ-ശിശുസംരക്ഷണകേന്ദ്ര പരിസരങ്ങളിലുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും ആക്‌ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ് തുറക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ കെ.സി. പ്രവീൺകുമാർ, ജനറൽ കൺവീനർ കെ. സുബീഷ്, ട്രഷറർ ശ്രീജിത്ത് ചെറുകുന്നത്ത് എന്നിവർ നേതൃത്വം നൽകി.





