കോഴിക്കോട്: നഗരത്തിൽ മൊയ്തീൻ പള്ളി റോഡിൽ തീപിടുത്തം. വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരു മുറിയിൽ മാത്രമാണ് തീപിടിച്ചത്. ഇത് പിന്നീട് അണച്ചു. ആളപായം ഉണ്ടായില്ല.
കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും ഫയർ ഓഡിറ്റ് നടത്തുമെന്ന് റീജണൽ ഫയർ ഓഫീസർ ടി രാജേഷ് പറഞ്ഞു. ഇന്നത്തെ അപകടത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടോ വിളക്കിൽ നിന്ന് തീ പടർന്നതോയെന്ന് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂ. നിലവിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.