
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മാവൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിക്ക്. പഞ്ചായത്തിലെ ഏക ആർ എം പി അംഗമായ ടി രഞ്ജിത്താണ് പുതിയ അധ്യക്ഷൻ. മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്തിന്റെ ഇതുവരെയുള്ള ഭരണം. ലീഗ് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ ജൂൺ 30 ന് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു ഉമ്മർ മാസ്റ്റർ സ്ഥാനം രാജിവെച്ചത്. ഉമ്മർ മാസ്റ്ററുടെ രാജി അംഗീകരിക്കപ്പെട്ടതോടെ വീണ്ടും പ്രസിഡന്റിനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇതോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മൂന്നും കോഴിക്കോട് ജില്ലയിലാണ്.
മാവൂർ പഞ്ചായത്തിൽ സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചായത്തിൽ സിപിഎമ്മിന് എട്ട് അംഗങ്ങളാണ് ഉള്ളത്. സിപിഎം ആണ് ഇവിടുത്തെ ഏക പ്രതിപക്ഷ പാർട്ടി. മുസ്ലിം ലീഗിന് ഇവിടെ അഞ്ച് അംഗങ്ങളും കോൺഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആർഎംപി അംഗത്തിന്റെ കൂടെ പിന്തുണയോടെയാണ് പഞ്ചായത്തിൽ 18 ൽ പത്ത് പേരുടെ പിന്തുണ യുഡിഎഫ് ഉറപ്പാക്കിയത്. കോൺഗ്രസിൽ നിന്നുള്ള ജയശ്രീ ദിവ്യപ്രകാശാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലാണ് നിലവിൽ ആർ എം പിക്ക് ഭരണം ഉള്ളത്.





