
കഴിഞ്ഞ വര്‍ഷത്തെ മികച്ച പൊലീസ് സ്റ്റേഷനുകളായി തെരഞ്ഞെടുക്കപ്പെട്ട തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം പൊലീസ് സ്റ്റേഷനുകള്‍ക്കുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.
തിരുവനന്തപുരത്ത് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ അതത് പൊലീസ് സ്റ്റേഷനുകളിലെ കഴിഞ്ഞ വര്‍ഷത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുളള സംഘമാണ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സ്വീകരിച്ചത്. വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേസുകളുടെ എണ്ണവും അന്വേഷണ പുരോഗതിയും,
വിവിധ കുറ്റകൃത്യങ്ങളില്‍ നല്‍കിയ കോടതി ശിക്ഷാവിധി, വനിതകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ സ്വീകരിച്ച നടപടി, ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിട്ടതിലും മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെയുളളവയുടെ അന്വേഷണത്തിലും സ്വീകരിച്ച നടപടികള്‍, വിവിധ ജനമൈത്രി സുരക്ഷാപദ്ധതികളുടെ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധ്യക്ഷതയിലുളള ഉന്നതതല സമിതിയാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചത്.