
കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ കോർപറേഷൻ ആരോഗ്യ വിഭാഗം നഗരത്തിൽ പരിശോധന തുടങ്ങി. മൂന്നു മേഖലകളായി തിരിഞ്ഞ് മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഡ്രൈവർമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
ശനിയാഴ്ച പാളയം എം.പി റോഡ്, ബേബി ബസാർ, ഒയാസിസ് കോംപ്ലക്സ് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മൊത്തവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 45 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരി ബാഗ്, 49 പാക്കറ്റ് ഗ്രോ ബാഗ്, 31 പാക്കറ്റ് പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, 75 പാക്കറ്റ് പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ ഗ്ലാസ്, ഒമ്പത് പാക്കറ്റ് പ്ലാസ്റ്റിക് സ്പൂൺ, ഒരു പാക്കറ്റ് പ്ലാസ്റ്റിക് സ്ട്രോ, ആറ് പാക്കറ്റ് പ്ലാസ്റ്റിക് ഗ്ലാസ് ലിഡ്, 40 പാക്കറ്റ് ഗാർബേജ് ബാഗ് എന്നിവ പിടിച്ചെടുത്തു. ബേബി ബസാറിൽ പ്രവർത്തിക്കുന്ന എഫ്.എം ട്രേഡേഴ്സ്, നോവി ടോട്ടൽ പാക്കിങ്, ഒയാസിസ് കോമ്പൗണ്ടിലെ ഷാലിമാർ ഏജൻസീസ് എന്നീ സ്ഥാപനങ്ങളിൽനിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചത്





