
വടകര: പുതുപ്പണത്തെ പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മാണത്തിന് 4,82,59,000 രൂപ അനുവദിച്ച് പട്ടികവര്‍ഗക്ഷേമ വകുപ്പ് ഉത്തരവായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു.
ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ ശേഷം ഹോസ്റ്റല്‍ നില്‍ക്കുന്ന ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം പട്ടികവര്‍ഗ വകുപ്പിന്റെ കൈവശമാക്കാന്‍ മന്ത്രിതലത്തില്‍ എം.എല്‍.എ ഇടപെട്ടിരുന്നു. തുടര്‍ന്ന് സ്ഥലം പട്ടികവര്‍ഗ വകുപ്പിന് കൈവശരേഖകള്‍ നല്‍കി ഉത്തരവായി. ഇതോടെ ഹോസ്റ്റലിന് ഫണ്ട് അനുവദിക്കാനുള്ള കടമ്പകള്‍ നീക്കിയിരുന്നു.
പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് ഇപ്പോള്‍ തുക അനുവദിക്കപ്പെട്ടിട്ടുള്ളത്. മുപ്പതോളം വിദ്യാര്‍ഥികള്‍ കഴിയുന്ന ഹോസ്റ്റല്‍ മേല്‍ക്കൂരപൊട്ടിപ്പൊളിഞ്ഞ് പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ചതായിരുന്നു. കിടക്കാന്‍ നല്ല കട്ടിലുകളോ, വുത്തിയുള്ള മുറികളോ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള ഹോസ്റ്റല്‍ പണികഴിപ്പിക്കാനാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഉത്തരവായതായും എം.എല്‍.എ അറിയിച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് ബസ് വാങ്ങാന്‍ 20 ലക്ഷം നേരത്തെ ജെ.എന്‍.എം സ്‌കൂളിനായി അനുവദിച്ചിരുന്നു.





