കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; നഗരം അതീവ സുരക്ഷാവലയത്തില്‍, കറുത്ത മാസ്കിന് വിലക്ക്

കൊച്ചി: പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ.
കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്കിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയായിരുന്നു. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ൦. എന്നാല്‍, സ൦ഭവ൦ വാ൪ത്തയായതോടെ ഈ നി൪ദ്ദേശ൦ പിൻവലിച്ചു.





