
വടകര : പോലീസ് സബ് ഡിവിഷൻ ഓഫീസ് മുറ്റത്ത് നിർത്തിയിട്ട ഡിവൈ.എസ്.പി.യുടെ ഔദ്യോഗികവാഹനം തീവെച്ചുനശിപ്പിച്ചു. കുറച്ചകലെയായി ഒന്തം റോഡ് മേൽപ്പാലത്തിന് സമീപത്തെ ചാക്ക് വ്യാപാരകേന്ദ്രത്തിലെ ചാക്കുകളും കൂട്ടിയിട്ട് തീയിട്ടു. ഞായറാഴ്ച പുലർച്ചെ 1.30-നും 2.05-നും മധ്യേയാണ് രണ്ട് തീപ്പിടിത്തവും. സംഭവത്തിൽ താഴെ അങ്ങാടിയിലെ സാദാന്റവിട ജലീലി (46) നെ പോലീസ് അറസ്റ്റുചെയ്തു. രണ്ട് സ്ഥലത്തും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസിന് തെളിവുലഭിച്ചു.
ഞായറാഴ്ച പുലർച്ചെ 1.45-നും 2.05-നും മധ്യേയാണ് ഡിവൈ.എസ്.പി. ഓഫീസിനു മുന്നിൽ നിർത്തിയിട്ട കെ.എൽ. 01. സി.എച്ച്. 3987 നമ്പർ ടാറ്റ സുമോ വാഹനത്തിന് തീവെച്ചത്. ഗ്ലാസ് തകർത്തശേഷം തീയിട്ടതാണെന്ന് സംശയിക്കുന്നു. വാഹനത്തിനുള്ളിൽനിന്ന് കല്ല് ലഭിച്ചിട്ടുണ്ട്. വണ്ടി ഏതാണ്ട് പൂർണമായും കത്തി. ഉള്ളിലുണ്ടായിരുന്ന നാല് ഗ്രനേഡുകൾ, നാല് കണ്ണീർവാതക ഷെല്ലുകൾ, വയർലെസ് സെറ്റ്, ജി.പി.എസ്., രണ്ട് ഹെൽമെറ്റ്, രണ്ട് ബോഡി പ്രൊട്ടക്ടർ, ആറ് ലാത്തികൾ എന്നിവയും കത്തിനശിച്ചു. ഡിവൈ.എസ്.പി. ഓഫീസ് കെട്ടിടത്തിന്റെ ഗ്ലാസും തകർന്നു. സമീപത്തെ പോലീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പോലീസുകാർ ശബ്ദംകേട്ട് ഓടിവന്നപ്പോഴാണ് വണ്ടി കത്തുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു.
ഇതിനുമുമ്പേയാണ് ഒന്തം റോഡിന് സമീപത്തെ കാലിച്ചാക്ക് വ്യാപാരകേന്ദ്രത്തിൽ തീവെച്ചത്. വി. ഫൈസലിന്റെ ഉടമസ്ഥതതയിലുള്ളതാണ് കട. 1.30-ഓടെയാണ് കടവരാന്തയിൽ സൂക്ഷിച്ച കാലിച്ചാക്കുകൾ കൂട്ടിയിട്ട് കത്തിച്ചത്. ആയിരത്തോളം ചാക്കുകൾക്ക് തീയിട്ടു. ഫൈസലിന്റെ കാറിന്റെ ചില്ല് ജലീൽ കഴിഞ്ഞദിവസം അടിച്ചുപൊട്ടിച്ചെന്ന് വടകര പോലീസിൽ പരാതിനൽകിയിരുന്നു. ഇതിലുള്ള വിരോധത്തിലാണ് ചാക്ക് കത്തിച്ചതെന്നാണ് ഫൈസലിന്റെ പരാതി. നേരത്തേ നൽകിയ പരാതിയിൽ ജലീലിനെ പോലീസ് വിളിച്ചിരുന്നു. ഇതിനിടെ തന്നെ മർദിച്ചെന്ന് കാണിച്ച് ജലീലും പരാതിനൽകി. ഇതിൽ വ്യക്തത ഇല്ലാത്തതിനാൽ പരാതിയിൻമേൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് പോലീസ് വാഹനം കത്തിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സംശയം.
ഡിവൈ.എസ്.പി. ഓഫീസിലെ തീവെപ്പിനുശേഷം ഇവിടെനിന്ന് എടോടിയിലേക്ക് പോകുന്ന റോഡിൽ ഇയാളെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ ജലീലിന്റെ സാന്നിധ്യം വ്യക്തമായെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിലാണ് ഇയാൾ സ്ഥലത്തെത്തിയത്.





