കൊടുവള്ളി ടൗണ്‍ ഗതാഗത പരിഷ്‌കാരം; നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു

കൊടുവള്ളി : കൊടുവള്ളിയിലെ ഫ്‌ളൈ ഓവര്‍ തുരങ്കപാതാ പദ്ധതി വിവാദത്തിനിടെ നഗരസഭയുടെ ട്രാഫിക് പരിഷ്‌കരണം. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാതയോരത്തെ പാര്‍ക്കിംഗ് നിരോധനം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്. ആലോചനകളില്ലാതെ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരം കൊടുവള്ളിയിലെ വ്യാപാര മേഖലയെ തകര്‍ക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
കോഴിക്കോട് ബംഗളൂരു ദേശീയ പാതയിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായ കൊടുവള്ളിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായി മുന്‍ എം എല്‍ എ കാരാട്ട് റസാഖ് ഇടപെട്ട് ഫ്‌ളൈ ഓവര്‍ തുരങ്കപാതാ പദ്ധതിക്ക് 54 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതോടെ പദ്ധതി ചുവപ്പു നാടയില്‍ കുടുങ്ങി. ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പൊടിക്കൈ പ്രയോഗവുമായി നഗരസഭ രംഗത്തെത്തിയത്. ദേശീയ പാതയിലെ പാര്‍ക്കിംഗ് നിരോഘനം ഉള്‍പ്പെടെയാണ് നഗരസഭ നടപ്പിലാക്കിയത്. വയനാട് ഭാഗത്തേക്കുള്ള ദീര്‍ഘ ദൂര ബസ്സുകളുടെ സ്റ്റോപ്പ് സഹകര ബേങ്കിന് മുന്നിലേക്ക് മാറ്റി.
തിങ്കളാഴ്ച മുതലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി അനധികൃതമായി പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് പരിഷ്‌കാരത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയത്. യാതൊരു മുന്നൊരുക്കവും ഇല്ലാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലെന്നും ഇത് വ്യാപാര മേഖലയെ തകര്‍ക്കുമെന്നും കൊടുവള്ളി മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നഗരസഭയുടെ പരിഷ്‌കരണങ്ങള്‍ പ്രഹസനമാണെന്നും ആശങ്കകള്‍ പരിഹരിച്ച് ഫ്‌ളൈ ഓവര്‍ തുരങ്കപാതാ പദ്ധതി നടപ്പിലാക്കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു. വാഹന പാര്‍ക്കിംഗിന് സൗകര്യം ഒരുക്കാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് കുറയുമെന്നും ഇത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നും ഇവര്‍ പറയുന്നു.





