Kozhikode

പ്ലസ്‌വൺ ബോണസ് പോയന്റ് ലഭിക്കാൻ:നീന്തൽ സർട്ടിഫിക്കറ്റ് ഇനി നീന്തിത്തെളിയുന്നവർക്കുമാത്രം.

Please complete the required fields.




കോഴിക്കോട്: പ്ലസ്‌വൺ പ്രവേശനത്തിന് ബോണസ് പോയന്റ് ലഭിക്കാനുള്ള നീന്തൽ സർട്ടിഫിക്കറ്റ് ഇനി നീന്തിത്തെളിയുന്നവർക്കുമാത്രം. ഇതിന്റെ ചുമതല സ്പോർട്‌സ് കൗൺസിലിനെ ഏൽപ്പിച്ചതോടെ നീന്താൻ എത്തുന്നത് നൂറുകണക്കിന് കുട്ടികൾ. ജില്ലയിൽ സ്പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഈസ്റ്റ് നടക്കാവ് നീന്തൽക്കുളത്തിൽ ചൊവ്വാഴ്ച എത്തിയത് മൂന്നൂറോളം പേർ. കോവിഡ്കാലത്ത് നീന്താൻ പോകുന്നത് രോഗവ്യാപനം ഉണ്ടാക്കുമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.

സ്പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് നീന്തൽയോഗ്യത പരിശോധിക്കേണ്ടതെന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ഇതുവരെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. നീന്തലറിയാത്ത കുട്ടികൾപോലും തദ്ദേശസ്ഥാപനങ്ങളിൽനിന്ന് നീന്തൽക്കാരാണെന്ന സർട്ടിഫിക്കറ്റ് വാങ്ങാറുണ്ടെന്ന ആക്ഷേപമുയർന്നിരുന്നു. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനമെന്നാണ് കരുതുന്നത്.

ഈസ്റ്റ് നടക്കാവിൽ മാത്രമാണ് സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽക്കുളമുള്ളത്. 25 മീറ്ററാണ് നീന്തുന്നത്. കോവിഡ് കാലത്ത് കുട്ടികൾ സ്കൂളിൽ പോകാതെയും കായികഇനങ്ങളിൽ നിന്ന് അകന്നും നിൽക്കുകയാണ്. ആ സാഹചര്യത്തിൽ എങ്ങനെയാണ് ഒരിടത്ത് നൂറുകണക്കിന് പേരെ നീന്തിക്കുകയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. ഏതെങ്കിലും ഒരു കുട്ടിക്ക് കോവിഡ് ഉണ്ടെങ്കിൽ അത് മറ്റ് കുട്ടികളെയും ബാധിക്കുമെന്നാണ് ആശങ്ക. സ്കൂൾതലത്തിൽ നേരത്തേതന്നെ നീന്തൽ സംഘടിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ള പ്രയാസം ഒഴിവാക്കാനാകുമായിരുന്നുവെന്നും അഭിപ്രായമുണ്ട്.

കോവിഡ് മാനദണ്ഡം പാലിച്ച്‌ വെള്ളം തുടർച്ചയായി ഫിൽറ്ററും ക്ലോറിനേഷനും ചെയ്യുന്നുണ്ടെന്നും. പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതിവരെ സർട്ടിഫിക്കറ്റ് നൽകുമെന്നും ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button