സംസ്ഥാനത്ത് കോവിഡിനും സികക്കും പിന്നാലെ എലിപ്പനിയും; രണ്ടാഴ്ചക്കിടെ 17 മരണങ്ങൾ
തിരുവനന്തപുരം: കോവിഡിനും സികക്കും പിന്നാലെ, ഭീഷണിയായി എലിപ്പനി സംസ്ഥാനത്ത് വ്യാപകമാകുന്നു. രണ്ടാഴ്ചക്കിടെ 17 എലിപ്പനി മരണങ്ങൾ സംസ്ഥാനത്തുണ്ടായി. ഈ വർഷം ഇതുവരെ നൂറിലേറെ പേർ മരിച്ചു; ലക്ഷണങ്ങളുമായി 85 പേരും എലിപ്പനി സ്ഥിരീകരിച്ച് 16 പേരുമാണ് മരിച്ചത്. ഏഴുമാസത്തിനിടെ 1720 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 250 പേർക്ക് രോഗം സ്ഥിരീകരിച്ചു.
പല ജില്ലകളിലും സ്ഥിതി രൂക്ഷമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാൻ ജില്ല മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകി. എല്ലാ ജില്ലകളിലും രോഗസാധ്യതാപ്രദേശങ്ങളിലുള്ളവർക്ക് ‘ഡോക്സിസൈക്ലിന്‍’ ഗുളിക വിതരണം നടത്തിയിരുന്നെന്നും പലരും അത് കൃത്യമായി കഴിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.
എലിപ്പനി സാധ്യതാ മേഖലയായ ആലപ്പുഴ ജില്ലയിൽ ഡോക്സിസൈക്ലിൻ ഉപയോഗം ഏറക്കുറെ പൂർണമായതിനാൽ അവിടെ രോഗികളുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, തിരുവനന്തപുരം ഉൾപ്പെടെ മറ്റ് ജില്ലകളുടെ സ്ഥിതി അതല്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കോവിഡ് പശ്ചാത്തലത്തിൽ പലരും പനിലക്ഷണം കാണുമ്പോൾ പാരസിറ്റാമോൾ വാങ്ങി കഴിക്കുന്നതും പിന്നീട്, രോഗം ഗുരുതരമാകാൻ കാരണമാകുന്നു.
രണ്ടാഴ്ചക്കിടെ എലിപ്പനി മരണം ഇത്തരത്തിൽ ഉയർന്നത് ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. മഴയും പരിസര മലിനീകരണവും എലിപ്പനി വർധിക്കാൻ കാരണമാകുകയാണ്. മഴക്കാലപൂർവ ശുചീകരണം സിക റിപ്പോർട്ട് ചെയ്ത സമയത്ത് ഊർജിതമായി നടന്നെങ്കിലും പിന്നീടത് കെട്ടടങ്ങി. തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നില്ലെങ്കിൽ വീണ്ടും കൊതുക് ജന്യരോഗങ്ങൾ തലപൊക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഡ്രൈഡേ ആചരണവും ഇപ്പോൾ പേരിലൊതുങ്ങി.
കര്‍ഷകര്‍, അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍, അറവുശാലകളിലെ ജോലിക്കാര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, മീന്‍പിടിത്തക്കാര്‍ തുടങ്ങിയവര്‍ക്കാണ് എലിപ്പനി രോഗസാധ്യത കൂടുതല്‍.
മലിനമായ നദികള്‍, തടാകങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നീന്തുന്നവരും മറ്റും ഈ രോഗത്തെ ശ്രദ്ധിക്കണം. എലിപ്പനിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. പനി, വിറയല്‍, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ടത്തില്‍ കാണുക. ഈ ഘട്ടത്തില്‍ രോഗം പെട്ടെന്ന് ഭേദമായാലും വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്