
കോഴിക്കോട്: ആവശ്യത്തിലേറെ പൊലീസ്.. ഗതാഗത പ്രശ്നം തീർക്കാൻ മേൽപാലങ്ങൾ.. റോഡുകൾ..സൗകര്യങ്ങളേറെ വർധിച്ചിട്ടും ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരമില്ലാതെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണു നഗരം. ട്രാഫിക് പൊലീസിനു സൗകര്യവും അംഗബലവും കൂടിയിട്ടും, നാലുവർഷം മുൻപു നടപ്പാക്കിയ തലതിരിഞ്ഞ ഗതാഗത നിയന്ത്രണങ്ങൾ ഒരു പഠനവും പരിഷ്കാരവുമില്ലാതെ വാഹനയാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു.നാലു വർഷം മുൻപാണു വാഹനാപകടക്കേസുകൾ ട്രാഫിക് പൊലീസിൽ നിന്നു മാറ്റി അതത് പൊലീസ് സ്റ്റേഷനുകൾക്കു ചുമതല നൽകി ട്രാഫിക് പൊലീസിനെ സ്വതന്ത്രമാക്കിയത്.
ഗതാഗത നിയന്ത്രണത്തിന്റെ ചുമതല മാത്രം നൽകി നഗരത്തിൽ സുഗമയാത്ര ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ സംവിധാനം ട്രാഫിക് പൊലീസിലെ ചിലർക്കു ‘സുഖചികിത്സ’ യായി മാറിയതല്ലാതെ ജനത്തിനു പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്നാണു പൊലീസിൽ തന്നെയുള്ള ആക്ഷേപം.നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങളെന്നു പറയാവുന്ന വേങ്ങേരി, മലാപ്പറമ്പ്, മീഞ്ചന്ത, വെസ്റ്റ്ഹിൽ ചുങ്കം എന്നീ ജംക്‌ഷനുകളിൽ ഏറെ നാളായി രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാൻ പൊലീസിനു കഴിയുന്നില്ല.
അതേ സമയങ്ങളിൽ, നഗരത്തിലേക്കു വരുന്ന മറ്റു റോഡുകൾ പലതും ശൂന്യമായിക്കിടക്കുകയാണ്. ആ വഴികളിൽ ഗതാഗതം നിയന്ത്രിച്ചു വിടാൻ ഒരു നടപടിയുമില്ല. കരിക്കാംകുളം മുതൽ കാരപ്പറമ്പ് വരെ രാവിലെ എട്ടുമുതൽ രാത്രി 9 വരെ ഗതാഗതക്കുരുക്കാണ്. എന്നാൽ കരിക്കാംകുളം ഫ്ലേറിക്കൻ റോഡ് ഈ സമയം വാഹനങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. വലിയ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടാൽ തിരക്ക് ഒഴിവാക്കാൻ കഴിയും. ചിലയിടത്ത് റോഡിൽ സൗകര്യം ഉണ്ടായിട്ടും ബാരിക്കേഡ് വച്ച് വാഹന യാത്രക്കാരെ വട്ടം കറക്കുന്ന രീതിയുമുണ്ട്. അരയിടത്തുപാലത്തു കോടികൾ മുടക്കി നിർമിച്ച മേൽപാലമുണ്ട്, സൗകര്യമുള്ള അപ്രോച്ച് റോഡും. എന്നിട്ടും റോഡിൽ ബാരിക്കേഡ് ഉറപ്പിച്ച് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്ന കാഴ്ച കാണാം.
എരഞ്ഞിപ്പാലത്തു നിന്ന് അരയിടത്തുപാലം ജംക്‌ഷനിൽ എത്തുന്ന ഭാഗത്ത് ആശുപത്രിക്കു മുൻപിൽ റോഡിനു കുറുകെ ഒരു ഭാഗം ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു വാഹനങ്ങളെ വട്ടം കറക്കുകയാണ്. നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അരയിടത്തുപാലം ജംക്‌ഷനിൽ വർഷങ്ങൾക്കു മുൻപ് മേൽപാലവും അപ്രോച്ച് റോഡും നിർമിച്ചത്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു മേൽപാലം വഴി യാത്ര ചെയ്യാം. കോട്ടൂളി ഭാഗത്തു നിന്നും നഗരത്തിലേക്ക് ഈ മേൽപാലം ഉപയോഗിക്കാം.
ഈ സാഹചര്യത്തിൽ അരയിടത്തുപാലം ജംക്‌ഷനിൽ തിരക്കു പൊതുവേ കുറയും. നഗരത്തിൽ നിന്ന് അപ്രോച്ച് റോഡു വഴി എരഞ്ഞിപ്പാലം ഭാഗത്തേക്കു പോകുമ്പോഴും, കോട്ടൂളി ഭാഗത്തു നിന്നു മീഞ്ചന്ത ഭാഗത്തേക്കു പോകുമ്പോഴും അരയിടത്തുപാലം ജംക്‌ഷനിൽ തിരക്കനുഭവപ്പെടുന്നില്ല. എന്നാലും സ്വകാര്യ സ്ഥാപനം നൽകിയ പരസ്യ ബാരിക്കേഡ് റോഡിൽ അലങ്കാരമാക്കി ട്രാഫിക് പൊലീസ് നിലനിർത്തിയിരിക്കുകയാണ്. ഇതുപോലെ കോട്ടൂളി ജംക്‌ഷനിലും ചുങ്കം, കോവൂർ എന്നിവിടങ്ങളിലും കാണാം. ഓരോ പൊലീസുകാരനെ ഈ പോയിന്റിൽ നിർത്തി കൃത്യമായി ഗതാഗതം നിയന്ത്രിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.നഗരത്തിൽ 50 പ്രധാന ട്രാഫിക് പോയിന്റുകളാണ് നിലവിലുള്ളതെന്നു ട്രാഫിക് പൊലീസ് പറയുന്നു. ഇതിനാണു മുന്നൂറിലധികം ട്രാഫിക് പൊലീസുകാർ രണ്ട് എസിപിമാർക്കു കീഴിൽ ജോലി ചെയ്യുന്നത്.
സഹായത്തിനു കൺട്രോൾ റൂം പൊലീസുമുണ്ട്. എന്നിട്ടും പ്രധാന ട്രാഫിക് പോയിന്റുകളിലൊന്നും കുരുക്കു കുറയുന്നില്ലെന്നാണു നഗരവാസികളുടെ അനുഭവം. ചില പ്രധാന ട്രാഫിക് സിഗ്നലുകളിൽ പച്ചയും ചുവപ്പും കത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നറിയാതെ അന്തംവിടുകയാണു യാത്രക്കാർ. സമയം കാണിക്കുന്ന ടൈമർ മിക്കപ്പോഴും പ്രവർത്തിക്കാറില്ല. ചില വശങ്ങളിലേക്കുമൂന്നു മിനിറ്റ് വരെ വാഹനങ്ങൾ കടത്തി വിടുമ്പോൾ മറ്റു ചില ദിശകളിലേക്കു പലപ്പോഴും എട്ടോ പത്തോ സെക്കൻഡ് മാത്രമേ കിട്ടൂ.





