വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട പത്തൊമ്പതുകാരനായി രണ്ടാം ദിനവും തിരച്ചിൽ; ദൗത്യത്തിന് വെല്ലുവിളിയായി കുത്തൊഴുക്കും പാറക്കെട്ടുകളും

കോഴിക്കോട് : നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യു.പി സ്വദേശിയായ പത്തൊമ്പതുകാരൻ നിഗം കുമാറിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്ന് രാവിലെ ഏഴു മുതൽ കൂടുതൽ സംഘങ്ങളെ ഉൾപ്പെടുത്തി തിരച്ചിൽശക്തമാക്കി.
ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ യുവാവിനെ പെട്ടെന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്. വിലങ്ങാട്ടെ കൂളിക്കാവ് ഭാഗത്ത് പുഴയിൽ യു.പി സ്വദേശികളായ എട്ടംഗ സംഘമാണ് കുളിക്കാനിറങ്ങിയത്.ഇന്നലെ രാവിലെ ആറിന് ആരംഭിച്ച തിരച്ചിൽ വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
കല്ലാച്ചിക്കടുത്ത് വിഷ്ണുമംഗലം ബണ്ടിൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം പുഴയിൽ മുങ്ങി പരിശോധനയും നടത്തി. വൈകുന്നേരത്തോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. വിലങ്ങാട് പുഴയുടെ തുടക്ക ഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ കുത്തൊഴുക്കും പാറക്കെട്ടുകളും, പാറകൾക്കുള്ളിലെ ഗുഹകളും തിരച്ചിൽ ദൗത്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പാറകൾക്കുള്ളിലേക്ക് വലിഞ്ഞു പോകാനുള്ള സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് വന്നടിഞ്ഞ മരത്തടികളും പാറക്കല്ലുകളും പുഴയുടെ പല ഭാഗത്തും ഇപ്പോഴുമുണ്ട്. വിലങ്ങാട് നിന്നും 15 കിലോമീറ്ററിലധികം ദൂരെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ശക്തമായ മഴയിലെ ഒഴുക്കിൽ എത്തിപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിൽ സ്കൂബ ടീമംഗങ്ങൾ മണിക്കൂറുകളോളം ഇവിടെ വെള്ളത്തിൽ മുങ്ങി പരിശോധന നടത്തി.വടകര തഹസിൽദാർ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് അധികൃതർ, സന്നദ്ധ പ്രവർത്തർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെ.എം. അഭിജിത് എം.എൽ.എയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻകൈ എടുത്തു.





