Thrissur

കൊവിഡ് കൊള്ള; തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി അഞ്ചുകോടിയുടെ ഓര്‍ഡര്‍, ജീവനക്കാരനെ പുറത്താക്കി ആരോഗ്യവകുപ്പ്

Please complete the required fields.




തൃശ്ശൂര്‍: കൊവിഡിന്‍റെ മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി അഞ്ചുകോടി രൂപയുടെ ഓര്‍ഡര്‍ നേടിയെടുത്ത തൃശ്ശൂര്‍ നാഷനൽ അര്‍ബന്‍ ഹെൽത്ത്മിഷൻ ജില്ലാ കോർഡിനേറ്റര്‍ അനൂപ് പി പൗലോസിനെ ഒടുവില്‍ പുറത്താക്കി. കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജറുടെ അടുത്ത സുഹൃത്തായ അനൂപിന് എങ്ങനെ കോടികളുടെ ഓര്‍ഡര്‍ കിട്ടിയെന്ന കാര്യത്തില്‍ ഒരന്വേഷണവുമില്ല.

കൊവി‍ഡിന്‍റെ തുടക്കത്തില്‍ പര്‍ചേസിന്‍റെ മറവില്‍ കോടികളുടെ കൊള്ള നടത്തുമ്പോള്‍ ഡോ ദിലീപ് കുമാര്‍ ആയിരുന്നു  കെഎംഎസ്‍സിഎല്‍ ജനറല്‍ മാനേജര്‍. ഡോ ദിലീപ് കുമാര്‍ തൃശ്ശൂരില്‍ എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറായിരിക്കെ പിആര്‍ഒ ആയിരുന്ന അനൂപ് പി പൗലോസാണ് കൊവി‍ഡ് തുടങ്ങിയതിന് പിന്നാലെ വീടിനോട് ചേര്‍ന്ന് ആന്‍ഡ്രിയ ട്രേഡേഴ്സ് എന്ന തട്ടിക്കൂട്ട് സ്ഥാപനം തുടങ്ങിയത്. ദിലീപ് കുമാര്‍ ജനറല്‍ മാനേജറായിരിക്കെ ഫേസ് ഷീല്‍ഡും മാസ്കും അടക്കം അഞ്ചുകോടി രൂപയുടെ ഓര്‍‍ഡറാണ് ഈ കമ്പനിക്ക് കൊടുത്തത്.

അന്വേഷണത്തില്‍ അനൂപ് പി പൗലോസ് മാസ്കും ഫേസ് ഷീല്‍ഡും വില്‍ക്കാന്‍ ഓഫീസ് സമുച്ഛയവും മറ്റ് ജീവനക്കാരെയും ഉപയോഗപ്പെടുത്തുകയും ചെയ്തതായും കണ്ടെത്തി. ഒടുവില്‍ വാര്‍ത്ത വന്ന് രണ്ടര മാസത്തിന് ശേഷമാണ് ആരോഗ്യവകുപ്പിലെ പ്രധാന ചുമതലകള്‍ വഹിച്ച അനൂപ് പി പൗലോസിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തില്‍ താഴെ കരാര്‍ ജീവനക്കാരനായി വന്ന അനൂപ് പി പൗലോസ് പത്തിലേറെ വര്‍ഷമായി തുടര്‍ന്ന് പോവുകയായിരുന്നു. അതേസമയം അനൂപ് പി പൗലോസിന് എങ്ങനെ കെഎംഎസ്‍സിഎല്ലിന്‍റെ അഞ്ചുകോടി രൂപയുടെ ഓര്‍ഡര്‍ കിട്ടിയെന്നോ ഇതിന് പിറകില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നോ കണ്ടെത്താന്‍ ഒരു നിര്‍ദേശവും ഇതുവരെയില്ല. അനൂപ് പി പൗലോസിന്‍റേത് പോലെ നിരവധി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് കോടികളുടെ പര്‍ചേസ് ഓര്‍ഡര്‍ കൊവിഡിന്‍റെ തുടക്കത്തില്‍ നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button