
കോഴിക്കോട്: വാഹനങ്ങൾക്ക് പ്രകൃതിവാതകം നിറയ്ക്കാൻ ആറ് സി.എൻ.ജി. സ്റ്റേഷനുകൾകൂടെ ജില്ലയിൽ അടുത്തമാസം പ്രവർത്തനമാരംഭിക്കും. പെട്രോൾപമ്പുകളോട് ചേർന്നാണ് സ്ഥാപിക്കുന്നത്.
ആറെണ്ണത്തിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ പൂർത്തിയാക്കി സെപ്‌റ്റംബർ പതിനഞ്ചിനകം പ്രവർത്തനം തുടങ്ങുമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അധികൃതർ പറഞ്ഞു. സരോവരം ബയോപാർക്കിന് സമീപം, പാവമണി റോഡ്(ഐ.ഒ.സി.എൽ.), പയ്യോളി(എച്ച്.പി.സി.എൽ), ഈങ്ങാപ്പുഴ(എച്ച്.പി.സി.എൽ), അടിവാരം(ബി.പി.സി.എൽ), കുറ്റ്യാടി(എച്ച്.പി.സി.എൽ) എന്നിവിടങ്ങളിലാണ് സി.എൻ.ജി. സ്റ്റേഷനുകൾ വരുന്നത്.
എറണാകുളത്തുനിന്ന് ട്രക്കിൽ പ്രകൃതിവാതകം കൊണ്ടുവന്നാണ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുക. നിലവിൽ ഉള്ളിയേരി, വയനാട് റോഡിൽ നടക്കാവ്, ചേമഞ്ചേരി, പറമ്പിൽബസാർ എന്നിവിടങ്ങളിൽ സി.എൻ.ജി. സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. നാലു ബസുകളാണ് നഗരത്തിൽ സി.എൻ.ജി.യിൽ ഓടുന്നത്. ഓട്ടോറിക്ഷകളുമുണ്ട്.





