Kozhikode

കോഴിക്കോട് ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ്

Please complete the required fields.




കോഴിക്കോട്: ഓഗസ്റ്റ് 15നു മുൻപ് ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ്. നാളെ മുതൽ 60 വയസ്സിനു മുകളിലുള്ളവർക്കു മാത്രമേ സൗജന്യ വാക്സീൻ ലഭിക്കൂ. കോവിൻ പോർട്ടലിലും 60 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടി മാത്രമേ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാനും സാധിക്കൂ.

60 വയസ്സിനു മുകളിൽ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാതെ ജില്ലയിൽ ഒരു ലക്ഷം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ആരോഗ്യപ്രവർത്തകർ വഴി ശേഖരിച്ച കണക്കാണിത്. വാക്സീൻ ലഭ്യമാവുകയാണെങ്കിൽ 15ന് മുൻപ് ഇവർക്കെല്ലാം ആദ്യഡോസ് നൽകാനാണ് ഉദ്ദേശ്യം. 60 വയസ്സിനു മുകളിൽ രണ്ടാം ഡോസുകാർക്കും വാക്സീൻ ലഭ്യമാക്കും.

പ്രാദേശിക തലത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്കായി ക്യാംപുകൾ സംഘടിപ്പിക്കുമെന്നു കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവർ വാക്സീൻ സ്വീകരിക്കാൻ ഓൺലൈനിൽ ബുക്ക് ചെയ്യണമെന്നില്ല. ആശാവർക്കർമാർ വഴിയാണ് ഇവരുടെ റജിസ്ട്രേഷൻ നടത്തുക. കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് ഈ വിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. അതേസമയം സ്വകാര്യ ആശുപത്രികളിൽ എല്ലാ പ്രായക്കാർക്കും പണം നൽകി വാക്സീൻ സ്വീകരിക്കാം.

നിലവിൽ 25000 ഡോസ് വാക്സീൻ മാത്രമേ സ്റ്റോക്ക് ഉള്ളൂ. കൂടുതൽ വാക്സീൻ നാളെ എത്തുമെന്നാണു പ്രതീക്ഷ. കോളജ് വിദ്യാർഥികളുടെ വാക്സിനേഷൻ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും 15നു ശേഷമേ അത് ആരംഭിക്കൂ എന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥികളെ വാക്സിനേഷനുള്ള മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 13.51 ലക്ഷം പേർക്ക് ആദ്യഡോസ് വാക്സീനും 5.64 ലക്ഷം പേർക്കു രണ്ടു ഡോസ് വാക്സീനും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button