
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ കാതലായ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കോവിഡ് ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്തു ദിവസമാക്കി കുറച്ചു. കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാർഗരേഖ. അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയർത്തി.
കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാർഗരേഖയും പരിഷ്കരിച്ചു. മൂന്നാം തരംഗം മുന്നിൽ കണ്ടാണ് ഇത്. നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്ക് ആന്റിബയോട്ടിക്കോ വിറ്റാമിൻ ഗുളികകളോ നൽകേണ്ടതില്ലെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. ഗർഭിണികളുടെ ഗുരുതരാവസ്ഥയും മരണവും ഒഴിവാക്കാൻ പ്രത്യേക നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.