
കൂരാച്ചുണ്ട് ∙ മാസങ്ങളായി തകർന്ന് വാഹന ഗതാഗതം ദുഷ്കരമായിരുന്ന കക്കയം ഡാം സൈറ്റ് റോഡ് കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാത അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഡാം സൈറ്റിലേയ്ക്കുള്ള യാത്ര ദുരിതമായിരുന്നു. കക്കയം വാലി മുതൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ഇരുചക്ര വാഹന യാത്ര പോലും ദുഷ്കരമായിരുന്നു.
ഡാം സേഫ്റ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ റഹീമിന്റെ നേതൃത്വത്തിൽ കെഎസ്ഇബി,ഹൈഡൽ ടൂറിസം,ഡാം സുരക്ഷ ജീവനക്കാരുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ അടച്ച് ഗതാഗതത്തിന് സൗകര്യമൊരുക്കിയത്. അസി.എൻജിനീയർ മണികണ്ഠൻ,സബ് എൻജിനീയർ കെ.മുഹമ്മദ്കുട്ടി,ഹൈഡൽ ടൂറിസം മാനേജർ ശിവദാസ് ചെമ്പ്ര എന്നിവർ നേതൃത്വം നൽകി.