Kozhikode

മൂന്നാം മത്സരത്തിൽ പ്രവീൺകുമാർ നിയമസഭയിലേക്ക്

Please complete the required fields.




കൊയിലാണ്ടി : നാദാപുരം മണ്ഡലത്തിൽ 2016-ലും 2021-ലും കാലിടറിയെങ്കിലും പതറാതെനിന്ന കെ. പ്രവീൺ കുമാർ മൂന്നാം ഊഴത്തിൽ ജന്മനാടായ കൊയിലാണ്ടിയിൽ നിന്ന് അത്യുജ്ജ്വല വിജയംനേടി നിയമസഭയിലേക്ക്. 12,280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ. ദാസനെ പ്രവീൺ കുമാർ പരാജയപ്പെടുത്തിയത്.

രണ്ടുതവണ കൊയിലാണ്ടി നഗരസഭാ ചെയർമാനും രണ്ടു തവണ എം.എൽ.എ.യുമായിരുന്ന കെ. ദാസനിലൂടെ കൊയിലാണ്ടി മണ്ഡലം നിലനിർത്താമെന്ന സി.പി.എം. കണക്കുകൂട്ടൽ ഇതോടെ പൊളിഞ്ഞു.കോൺഗ്രസുകാരായ ഇ. നാരായണൻനായർക്കും മണിമംഗലത്ത് കുട്ട്യാലിക്കും എം.ടി. പത്മയ്ക്കും പി. ശങ്കരനും പിന്നാലെയായി കെ. പ്രവീൺകുമാറും കൊയിലാണ്ടിയിൽനിന്ന്‌ വിജയിച്ചത് യു.ഡി.എഫ്. പ്രവർത്തകർക്കാകെ ആവേശമായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വളരെ മുൻപുതന്നെ കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ സജീവമായിരുന്നു. യു.ഡി.എഫ്. സംവിധാനത്തെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിന് അണിനിരത്താൻ പ്രവീൺകുമാറിനും കോൺഗ്രസ് -മുസ്‌ലിം നേതാക്കൾക്കും സാധിച്ചു. മാത്രവുമല്ല, കൊയിലാണ്ടി മണ്ഡലത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങൾ ഉയർത്തി വിദഗ്ധരെ ഉൾപ്പെടുത്തി മികച്ച ഒരു പ്രകടനപത്രിക തയ്യാറാക്കാനും യു.ഡി.എഫിന് സാധിച്ചു.

മുമ്പൊക്കെ എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി. എഫിന് ശാപമായി മാറിയത് കോൺഗ്രസിലെ ഒടുങ്ങാത്ത ഗ്രൂപ്പ് വഴക്കുകളായിരുന്നു. എന്നാൽ ഇത്തവണ ഒറ്റക്കെട്ടായി കോൺഗ്രസും യു.ഡി.എഫും നിന്നത് ഗുണകരമായി.കൊയിലാണ്ടിയുടെ വികസനം മുൻനിർത്തിയുള്ള പ്രവർത്തനമാണ് ഇനി നടത്തുകയെന്ന് കെ. പ്രവീൺ കുമാർ പറഞ്ഞു. അഭ്യസ്തവിദ്യരായ യുവാക്കളെ ചേർത്ത് പിടിക്കും. തീരദേശ മേഖലയുടെ ഉന്നമത്തിന് പദ്ധതികൾ തയ്യാറാക്കും. കൊയിലാണ്ടി ഹാർബറിനെ കേരളത്തിലെ ഒന്നാംനമ്പർ മത്സ്യബന്ധന തുറമുഖമായി വികസിപ്പിക്കും.

കെ.എസ്.യു. പ്രവർത്തകനായാണ് പ്രവീൺ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കെ.എസ്.യു. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ്‌ കൗൺസിൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി. സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക്‌ ബഹുനില ഓഫീസ് യാഥാർഥ്യമാക്കിയ ഡി.സി.സി. പ്രസിഡന്റ് എന്ന പെരുമയും പ്രവീൺ കുമാറിനുണ്ട്. ഫറോക്ക് പോലീസ് സ്റ്റേഷൻ മാർച്ചിനിടെ, പോലീസ് അതിക്രമത്തിൽ പരിക്കേറ്റു ഇടതുകൈ തകർന്നിരുന്നു. സി. കേശവൻനായരുടെയും ശാന്തകുമാരി അമ്മയുടെയും മകനാണ്. എൽഎൽ.ബി.യും പബ്ലിക് റിലേഷനിൽ പി.ജി. ഡിപ്ലോമയും ഉണ്ട്.

Related Articles

Back to top button