Kannur

വിവാഹസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവം; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Please complete the required fields.




കണ്ണൂര്‍: പള്ളിക്കുന്നിലെ വീട്ടില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കന്‍ മരിച്ച കേസില്‍ ഒരാൾ അറസ്‌റ്റിൽ. ധാന്യമില്‍ ഉടമ പള്ളിക്കുന്ന് രാജീവ് നഗര്‍ ഉന്നതിക്ക് സമീപത്തെ മാധവാലയത്തില്‍ പി. സുമേശന്‍ (55) കൊല്ലപ്പെട്ട കേസിലാണ് ബി.ജെ.പി പ്രവർത്തകനായ പള്ളിക്കുന്ന് രാജീവ് നഗറിലെ പടിഞ്ഞാറെപ്പുരയില്‍ പി.പി ശരത്ത് എന്ന ഉണ്ണി (38) യെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടിന് വൈകീട്ട് 3.30ഓടെയാണ് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷമുണ്ടായത്. സുമേശന്റെ ബന്ധുവായ സഞ്ജയന്റെ വീട്ടിലായിരുന്നു വിവാഹസല്‍ക്കാരം.അവിടെയുണ്ടായ ഒരാളുമായി സംസാരിക്കവെ തന്‍റെ മില്ലിൽ നിന്ന് ധാന്യം പൊടിച്ചതിന്‍റെ പണം നല്‍കാത്തത് സുമേശൻ ചോദിച്ചതാണ് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഒരു സംഘത്തിന്‍റെ ക്രൂര മർദ്ദനത്തിനിരയായ സുമേശൻ വീട്ടിൽ ടി.വി കാണുന്നതിനിടെ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തളാപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് ചാലയിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ പത്തിന് രാത്രിയാണ് സുമേശന്‍ മരിച്ചത്. സഹോദരന്റെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.

അടിയേറ്റ് തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന പോസ്‌റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് ടൗണ്‍ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് ശരത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ ഇനി മറ്റ് ചിലരെ കൂടി പിടികൂടാനുണ്ട്.

Related Articles

Back to top button