Kannur
സൈനിക യൂണിഫോം അണിയാനുള്ള സ്വപ്നം ബാക്കിയായി…! കണ്ണൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

കണ്ണൂര്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു. കണ്ണൂര് പാനൂർ വള്ളങ്ങാട് പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥിയായിരുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെ മൊകേരിയിലെ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഷാൽമിൻ കുഴഞ്ഞുവീണത്. ഉടൻതന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വീട്ടിലെത്തിച്ച് വൈകീട്ട് നാലിന് സംസ്കരിക്കും. സജീവ്–ജിമിഷ ദമ്പതികളുടെ മകനാണ് ഷാൽമിൻ. സഹോദരി: ഷാൻവിയ.





