Thiruvananthapuram

ചാല സ്വർണക്കവർച്ചയിലെ സൂത്രധാരൻ ജയറാമിന്റെ തനിനിറം പുറത്ത്; പിന്നാലെ 40 തട്ടിപ്പ് പരാതികളും

Please complete the required fields.




തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചാ കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജയറാമിനെതിരെ ഇതുവരെ 40-ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, പോലീസിൽ പരാതി എത്തുമെന്ന് ഉറപ്പാകുമ്പോൾ പണം നൽകി കേസിൽ നിന്ന് ഒഴിവാകുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് വ്യക്തമാക്കി. ചാലയിലെ സ്വർണക്കവർച്ച വെറുമൊരു സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമായിരുന്നില്ലെന്നും, എതിരാളിയായ മറ്റൊരു വ്യവസായിയെയും അവരുടെ ബിസിനസിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

തങ്ങളുടെ സ്ഥിരം ഉപഭോക്താക്കൾ പോലും വൈഷ്ണവി ജ്വല്ലറിയിലേക്ക് പോകുന്നുവെന്നതിലുള്ള വ്യാപാര വൈരാഗ്യമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കേസിലെ കൂട്ടാളികളായ അമുൽ, അനൂപ്, അനിൽ എന്നിവർ മൊഴി നൽകിയിട്ടുണ്ട്. പനവിളയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്താണ് കവർച്ചയ്ക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്.

ജയറാമിന്റെ കൃത്യമായ പ്ലാൻ അനുസരിച്ചാണ് കവർച്ച നടപ്പാക്കിയതെന്നാണ് കൂട്ടുപ്രതികളുടെ മൊഴി. എന്നാൽ ജയറാം ഇക്കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ല. പലരിൽ നിന്നായി സ്വർണം വാങ്ങിയ ശേഷം പണം തിരികെ നൽകാതെ കബളിപ്പിക്കുന്നതായിരുന്നു ജയറാമിന്റെ രീതി. പണം ആവശ്യപ്പെട്ട് എത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കും.

ഒടുവിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് മനസ്സിലാകുമ്പോൾ പണം നൽകി ഒത്തുതീർപ്പാക്കുകയാണ് പതിവ്. കവർച്ചയുടെ ഗൂഢാലോചനയിൽ ജയറാമിനുള്ള പങ്ക് തെളിയിക്കുന്നതിനുള്ള കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.

Related Articles

Back to top button